Thursday, April 25, 2024
keralaNewsObituary

കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധി തിങ്കളാഴ്ച

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. തിരുവനന്തപുരം സ്വദേശികളായ ഉമേഷ്, ഉദയകുമാര്‍ എന്നീ പ്രതികടെ ശിക്ഷാവിധി തിങ്കളാഴ്ച. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കോവളത്ത് എത്തിയ വിദേശ വനിതയ്ക്ക് പ്രതികള്‍ കഞ്ചാവ് നല്‍കി. തുടര്‍ന്ന് ബോധരഹിതയായ ഇവരെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ബോധം വന്നപ്പോള്‍ പ്രതികളും വനിതയുമായി തര്‍ക്കമുണ്ടായി. ഇതിനിടെ വനിതയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കഴുത്തില്‍ വള്ളിച്ചെടികള്‍ കൊണ്ട് കെട്ടി. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, ബലാത്സംഗം, കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയവയായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. ഇവയെല്ലാം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. ഇതോടെയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കിയത്. 2018 ഫെബ്രുവരി ഒന്നിനാണ് വിദേശ വനിതയെ പ്രതികള്‍ കൊലപ്പെടുത്തിയത്. ആയുര്‍വേദ ചികിത്സയ്ക്കായി പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തിലേക്ക് എത്തിയതായിരുന്നു വിദേശ വനിത. ഫെബ്രുവരി 14 ന് കോവളത്തേക്ക് പോയ വനിതയെ പിന്നീട് കാണാതെ ആവുകയായിരുന്നു. പിന്നീട് ഒരു മാസത്തിന് ശേഷം ഇവരുടെ മൃതദേഹം ഒരു പൊന്തക്കാടില്‍ നിന്നും കണ്ടെത്തി. ഡിഎന്‍എ പരിശോധനയില്‍ ഇത് വിദേശ വനിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ രണ്ട് പേരും കുറ്റിക്കാട്ടില്‍ ലഹരി ഉപയോഗിക്കാന്‍ സ്ഥിരമായി എത്താറുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതേ തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.