Thursday, April 25, 2024
keralaNews

കൊടകര കേസില്‍ പ്രതികളെ സംരക്ഷിക്കുന്നത് ഇടത് നേതാക്കള്‍ : കുമ്മനം

ഒറ്റതിരിഞ്ഞുള്ള ആക്രമണത്തെ ബിജെപി ഒറ്റക്കെട്ടായി നേരിടുമെന്ന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊടകര കേസില്‍ പ്രതികളെ സംരക്ഷിക്കുന്നത് ഇടത് നേതാക്കളാണ്. ഇതില്‍ എംഎല്‍എ അടക്കമുള്ളവരുമുണ്ട്. ഇക്കാര്യം എന്തുകൊണ്ടാണ് അന്വേഷണം സംഘം പരിശോധിക്കാത്തതെന്ന് അറിയില്ല. ഏതു വിധേനയും ബിജെപിയെ തകര്‍ക്കാനാണ് ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വലിയ രാഷ്ട്രീയ ബദലാണെന്ന് തെളിയിച്ചതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു.

കൊടകര പണ അപഹരണ കേസിലെ പ്രതികള്‍ സിപിഎമ്മും സിപിഐക്കാരുമാണ്. അവരുടെ ഫോണ്‍കോള്‍ പരിശോധിക്കുന്നില്ല. എംഎല്‍എ ഉള്‍പ്പെടെയുള്ളവരുമായി ബന്ധമുള്ളവരാണിവര്‍. ധര്‍മരാജന്‍ പരാതിക്കാരനാണ്. ഇവിടെ അയാളുടെ ഫോണ്‍ ലിസ്റ്റുകള്‍ മാത്രമാണ് പരിശോധിക്കുന്നത്. ബിജെപിയെ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേസ് അന്വേഷണം ഇപ്പോള്‍ നടക്കുന്നത്. ബി ജെ പി യെ തകര്‍ക്കാനും ജനമധ്യത്തില്‍ കരിതേച്ചു കാണിക്കാനാണ് ശ്രമം. ബിജെപിയ്ക്ക് കള്ളപ്പണ ഇടപാടുണ്ടെന്ന് പറയാനുള്ള അര്‍ഹത കോടിയേരി ബാലകൃഷണനുണ്ടോ.

ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഒറ്റ തിരിഞ്ഞ് ആക്രമിച്ച് പാര്‍ട്ടിയെ ഛിന്നഭിന്നമാക്കാന്‍ കഴിയില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ഏതെല്ലാം മാദ്ധ്യമ വിചാരണയെയും പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. അന്വേഷണത്തില്‍ നിന്നും ഒരു ബിജെപി നേതാക്കളും ഒളിവില്‍ പോയിട്ടില്ല. പാര്‍ട്ടിയെ നശിപ്പിക്കാനാണ് കോര്‍ കമ്മിറ്റി യോഗം ചേരാന്‍ പോലും ജനാധിപത്യ രാജ്യത്ത് അനുമതി നല്‍കാത്തത്. ബിജെപിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും കുമ്മനം കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.