Saturday, April 20, 2024
HealthindiakeralaNews

കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആള്‍ക്കൂട്ടം കോവിഡ് വ്യാപനത്തിന് എങ്ങനെ കാരണമാകുന്നുവെന്ന് കേരളത്തിലെ ഓണാഘോഷത്തെ സൂചിപ്പിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ഹര്‍ഷവര്‍ധന്‍ ചെയ്തത്. ദീപാവലി അടക്കമുളള ഉത്സവങ്ങള്‍ അടുത്ത പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കേരളത്തെ ഉദാഹരണമാക്കുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞതായി കെ കെ ശൈലജ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.

കേരളത്തില്‍ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച സംഭവിച്ചു എന്ന് ഹര്‍ഷവര്‍ധന്‍ വിമര്‍ശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹര്‍ഷവര്‍ധനവുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ വിമര്‍ശിച്ചു എന്ന അര്‍ത്ഥത്തില്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല എന്ന് കേന്ദ്രമന്ത്രി സ്ഥിരീകരിച്ചതായി കെ കെ ശൈലജ പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ തുടക്കക്കാലത്തെ പ്രവര്‍ത്തനങ്ങളെ ഏറ്റവുമധികം പിന്തുണച്ചിരുന്ന മന്ത്രിയായിരുന്നു ഹര്‍ഷവര്‍ധന്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമായി നോക്കി കാണുന്ന ആളാണ് അദ്ദേഹം. ഓണാഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടായാല്‍ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയും താനും പറഞ്ഞ കാര്യങ്ങളാണ് ഹര്‍ഷവര്‍ധന്‍ ആവര്‍ത്തിച്ചത്. കോവിഡ് പ്രതിരോധത്തിന് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ആള്‍ക്കൂട്ടം ഒഴിവാക്കുക എന്നതാണ്. ഓണാഘോഷത്തില്‍ നേരത്തെ നിര്‍ദേശിച്ചതില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായി. അതിന് ശേഷം കേരളത്തില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചു. മറ്റു പ്രദേശങ്ങളില്‍ ഇത് അനുഭവപാഠമായിരിക്കണമെന്നാണ് ഹര്‍ഷവര്‍ധന്‍ പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളില്‍ ഉത്സവാഘോഷങ്ങള്‍ വരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ അനുഭവം ഹര്‍ഷവര്‍ധന്‍ സൂചിപ്പിച്ചതെന്നും ശൈലജ പറഞ്ഞു.

ഇക്കാര്യം സമ്മതിക്കുന്നു. ഓണാഘോഷത്തിന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം വിവാഹത്തിനും മറ്റു പരിപാടികള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് കൂടുതല്‍ പേര്‍ ഒത്തുചേരുന്ന സ്ഥിതിയുണ്ടായി. സമരങ്ങള്‍ ഉണ്ടായി. ഹൈക്കോടതിയില്‍ നിന്ന് ഇടപെടല്‍ ഉണ്ടായിട്ട് പോലും പാലിക്കാത്ത അവസ്ഥയുണ്ടായി. പിന്നീട് ചിലര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങി. ഇത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇപ്പോഴും ഇത് പാലിക്കാത്ത ചിലര്‍ സമൂഹത്തിലുണ്ട്. ഇക്കാര്യങ്ങളാണ് ഹര്‍ഷവര്‍ധന്‍ സൂചിപ്പിച്ചതെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ മറുപടിയായി പറഞ്ഞു.രാജ്യത്ത് മരണനിരക്ക് ഏറ്റവും കുറവുളള സംസ്ഥാനം കേരളമാണ്. മരണനിരക്ക് കുറയ്ക്കുന്നതില്‍ കേരളത്തിന്റെ പ്രവര്‍ത്തനത്തെ കേന്ദ്രമന്ത്രി പ്രകീര്‍ത്തിച്ചതായും ശൈലജ പറഞ്ഞു.