Wednesday, April 24, 2024
BusinesskeralaNews

കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകളാക്കി മാറ്റും; പ്രധാനമന്ത്രി

തിരുവനന്തപുരം: മാറുന്ന ഇന്ത്യയുടെ അടയാളമാണ് വന്ദേ ഭാരതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം ലോകത്തിന് മുന്നില്‍ ശക്തമായ വിശ്വാസം നേടിയെടുത്തെന്ന് അദ്ദേഹം വ്യക്തമാക്കി. യാത്രാ സൗകര്യം കൂട്ടാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസിത രാജ്യത്തിനായി നാം കൈകോര്‍ക്കണം. വിവിധ പദ്ധതികള്‍ക്കൊപ്പം എല്ലാവരും ഒത്തുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുഗതാഗത സംവിധാനം ആധുനികമാക്കാന്‍ ശ്രമിക്കുന്നതിന് ഉദാഹരമാണ് കൊച്ചി ജല മെട്രോ. പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ കണക്ടിവിറ്റിയ്ക്കും കേന്ദ്രം പ്രാധാന്യം നല്‍കുന്നുവെന്ന് ഡിജിറ്റല്‍ പാര്‍ക്കിനെ പ്രശംസിച്ച് അദ്ദേഹം പറഞ്ഞു.                                                                                         2024-ല്‍ കേരളത്തിലേക്ക് കൂടുതല്‍ വികസനങ്ങള്‍ക്ക് റെയില്‍വേ പദ്ധതിയിടുന്നു. അത് വൈകാതെ തന്നെ ജനങ്ങളിലേക്ക് എത്തുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള സ്റ്റേഷനുകളാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് തുടക്കമായി. വന്ദേ ഭാരത് വടക്കന്‍ കേരളത്തെ തെക്കന്‍ കേരളവുമായി അതിവേഗം ബന്ധിപ്പിക്കുന്നു. തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം -മംഗലാപുരം റൂട്ടില്‍ സെമി ഹൈ സ്പീഡില്‍ ട്രെയിനുകള്‍ ഓടിക്കാനാകും നരേന്ദ്രമോദി പറഞ്ഞു.
വന്ദേ ഭാരതിന്റെ ആദ്യയാത്രയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു യാത്ര. ആദ്യ രണ്ട് കോച്ചില്‍ വിദ്യാര്‍ത്ഥികളായിരുന്നു. ഒന്നാമത്തെ കോച്ചിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചത്. മൂന്നാമത്തെ കോച്ചില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളിയുരുന്നു. നാലാം കോച്ചില്‍ റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ സ്‌നേഹികളുമായിരുന്നു യാത്ര ചെയ്തത്. അഞ്ചും ആറും കോച്ചുകളില്‍ മാദ്ധ്യമപ്രവര്‍ത്തകരായിരുന്നു. ബാക്കിയുള്ള കോച്ചുകളില്‍ ക്ഷണിക്കപ്പെട്ടവര്‍ മുതല്‍ ബിജെപി പ്രവര്‍ത്തകര്‍ വരെയുണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് കോച്ചില്‍ പാളയം ഇമാം വി.പി സുഹൈബ് മൗലവി, ഗുരുരത്‌നം ജ്ഞാന തപസ്വി, നടന്‍ വിവേക് ഗോപന്‍, ഗായകന്‍ അനൂപ് ശങ്കര്‍ തുടങ്ങിയ പ്രമുഖര്‍ യാത്ര ചെയ്തു. ഭിന്നശേഷി വിദ്യാര്‍ത്ഥികളും ആദ്യ വന്ദേഭാരത് യാത്രയുടെ ഭാഗമായി.                                                                                                     മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തേയും രാജ്യത്തെ പതിനാലാമത്തേയും വന്ദേഭാരത് എക്സ്പ്രസാണ് കേരളത്തിന് ലഭിച്ചത്. കയറുന്ന വാതിലുകളെല്ലാം ഓട്ടോമേറ്റിക്കാണ് വന്ദേഭാരതില്‍. ലോക്കോ പൈലറ്റാണ് ഈ സംവിധാനം നിയന്ത്രിക്കുന്നത്. അനധികൃതമായി ആര്‍ക്കും ട്രെയിനിലേക്ക് കയറാനാകില്ല. മോഷണം വലിയ പരിധിവരെ തടയാന്‍ കഴിയും.                               കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന് ചീറ്റയുടെ ലോഗോയാണ് നല്‍കിയിരിക്കുന്നത്. ഇത് കൂടാതെ ഏറെ പ്രത്യേകതകളാണ് ഇന്ന് മുതല്‍ ഓടുന്ന വന്ദേഭാരതിനുള്ളത്. എയറോഡൈനാമിക് ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിന് കവാച്ച് ടെക്നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് കവാച്ച്. ഓരോ വന്ദേ ഭാരത് എക്‌സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുമുണ്ട്.                                                                                  കേരളത്തില്‍ എക്‌സ്പ്രസ് ഏഴര മണിക്കൂര്‍ കൊണ്ട് 501 കിലോമീറ്റര്‍ പിന്നിടുമെന്നാണ് റിപ്പോര്‍ട്ട്. 5.20-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും, 01.05-ന് കാസര്‍കോടെത്തും. കാസര്‍കോട് എത്താന്‍ എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റ്. 6.07-ന് കൊല്ലം, 8.17-ന് എറണാകുളം ,9.22-ന് തൃശൂര്‍, 10.02-ന് ഷൊര്‍ണൂര്‍, 11.03-ന് കോഴിക്കോട്, 12.03-ന് കണ്ണൂര്‍, 1.25-ന് കാസര്‍കോട്. ആകെ ഒമ്പത് സ്റ്റോപ്പുകളാണുള്ളത്.
വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പി വന്ദേ ഭാരതിന്റെ ആദ്യ യാത്ര. ലഘു ഭക്ഷണങ്ങളുമായാണ് റെയില്‍വേ അധികൃതര്‍ തങ്ങളുടെ ആദ്യ യാത്രക്കാരെ സ്വീകരിച്ചത്. ഒരു ബോക്‌സില്‍ ചിപ്‌സ്, മുറുക്ക്, മധുര പലഹാരം, രണ്ട് ഫ്രൂട്ടി എന്നിവ നല്‍കി. ഉച്ചയ്ക്ക് വെജിറ്റബിള്‍ ബിരിയാണിയാണ് നല്‍കിയത്. ഒപ്പം കച്ചമ്പറും, അച്ചാറും പായസവുമുണ്ടായിരുന്നു.