Tuesday, April 23, 2024
keralaNewsUncategorized

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; പോലീസ് യുഎപിഎ ചുമത്തി

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി പോലീസ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തീവയ്പ്പ് കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നീക്കം. ഷഹീന്‍ ബാഗ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയത്. ഷാരൂഖ് സെയ്ഫിയെ കഴിഞ്ഞ ദിവസം ഷൊര്‍ണൂരിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ട്രെയിന്‍ യാത്രികരുടെ ദേഹത്തേക്ക് പ്രതി ഒഴിച്ച പെട്രോള്‍ വാങ്ങിയ പമ്പിലെത്തിച്ചും തെളിവെടുപ്പ് നടത്തി. സാക്ഷികളെ കോഴിക്കോട് പോലീസ് ക്യാമ്പിലെത്തിച്ച് ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡും പോലീസ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.