Saturday, April 20, 2024
EntertainmentkeralaNewspolitics

കേരള സ്റ്റോറി വിവാദം: ചിത്രം നിരോധിക്കണം എന്നല്ല തന്റെ ആവശ്യം ശശി തരൂര്‍

തിരുവനന്തപുരം: കേരള സ്റ്റോറി കേരളത്തില്‍ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ചിത്രം നിരോധിക്കണം എന്നല്ല തന്റെ ആവശ്യം. സിനിമ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളികള്‍ക്കുണ്ട്. ഉള്ളടക്കം ദുരുപയോഗിക്കപ്പെടും എന്നതുകൊണ്ട് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കാന്‍ ആവില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. കേരളത്തില്‍ സിനിമ നിരോധിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കം ആവശ്യപ്പെട്ടിരുന്നത്. ഈ നിലപാടിന് വിരുദ്ധമാണ് ശശി തരൂരിന്റെ നിലപാട്.

ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് 

ദ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിട്ടുണ്ട്. 32000 പേര്‍ കേരളത്തില്‍ നിന്ന് ഭീകര സംഘടനയായ ഐ എസിലേക്ക് പോയെന്ന വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ ആരോപണത്തിന് തെളിവ് ഹാജരാക്കിയാല്‍ ഒരു കോടി രൂപ നല്‍കുമെന്ന് യൂത്ത് ലീഗ് ജെനറല്‍ സെക്രട്ടറി പികെ ഫിറോസ് വാഗ്ദാനം ചെയ്തിരുന്നു. വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള അജണ്ടയാണ് സിനിമയിലൂടെ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.