ദി കേരള സ്റ്റോറി റിലീസ് ഇന്ന്

കൊച്ചി: സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശപ്രകാരമുള്ള 7 മാറ്റങ്ങളോടെ ദി കേരള സ്റ്റോറി സിനിമ ഇന്ന് റിലീസ് ചെയ്യും. 21 തിയേറ്ററുകളിലാണ് കേരളത്തില്‍ ആദ്യ ദിനം പ്രദര്‍ശനമുള്ളത്. കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തില്‍ എത്തുന്ന ചിത്രം സംഘപരിവാര്‍ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമര്‍ശനം.സിനിമയിലുള്ളതെല്ലാം യാഥാര്‍ത്യമായ കാര്യങ്ങളാണ് എന്നാണ് നിര്‍മ്മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുടെ വാദം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്‌നാട്ടിലും ജാഗ്രത നിര്‍ദേശം. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം നല്‍കിയത്.
കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ പ്രദര്‍ശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സെന്റര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിയില്‍ സിബിഎഫ്‌സി ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും. കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ സിനിമ അടിയന്തരമായി സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്നായിരുന്നു കോടതി പറഞ്ഞത്. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്നും ട്രെയിലര്‍ മാത്രം പുറത്ത് വന്ന ഘട്ടത്തില്‍ ഹര്‍ജിക്കാരനോട് കോടതി ചോദിച്ചിരുന്നു. ഇസ്ലാമിക് ഗേള്‍സ് ഓര്‍ഗനൈസേഷന്റേതടക്കം വിവിധ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.