Tuesday, April 23, 2024
keralaNewspolitics

കേരള നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതി

തിരുവനന്തപുരം : കേരള നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കി. ഡിസംബര്‍ അഞ്ചു മുതല്‍ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ കൊണ്ടുവരാനാണ് സഭ സമ്മേളിക്കുന്നത്. സമ്മേളനം ചേരുന്ന കാര്യം ഗവര്‍ണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം വെറ്ററിനറി വിസിക്ക് ഉടന്‍ നോട്ടിസ് നല്‍കില്ല. നോട്ടിസ് സംബന്ധിച്ച വിസിമാരുടെ ഹര്‍ജിയില്‍ കോടതി തീരുമാനം വരട്ടെയെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നവംബര്‍ 30 നാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. കേരള നിയമസഭാ സ്പീക്കറായി എ എന്‍ ഷംസീര്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങള്‍ കോടതി റദ്ദാക്കുകയും കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പ്രിയ വര്‍ഗ്ഗീസിന്റെ നിയമനത്തിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ നിലവില്‍ പാര്‍ട്ടി ഏറ്റുവാങ്ങുകയുമാണ്. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരുടെ നില പ്രതിസന്ധിയിലായതിനിടെക്കാണ്
നിയമസഭാ സമ്മേളനം ചേരുന്നത്.ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ ഗവര്‍ണര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കാന്‍ പോകുന്നത്. ഒരു ഘട്ടത്തില്‍ സിപിഎമ്മിനൊപ്പം ഗവര്‍ണറെ കടന്നാക്രമിച്ച പ്രതിപക്ഷം കോടതികളില്‍ നിന്നും തുടര്‍ച്ചയായി തിരിച്ചടിയുണ്ടായി തുടങ്ങിയതോടെ സര്‍ക്കാരിനെതിരെ നീക്കം കടുപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷനിലെ പിന്‍വാതില്‍നിയമനവും പ്രതിപക്ഷം സഭയില്‍ ആയുധമാക്കും.