Thursday, April 25, 2024
keralaNewsUncategorized

‘സോളര്‍ പവറി’ല്‍ പ്രവര്‍ത്തിക്കുന്ന എഐ ക്യാമറ സ്ഥാപിക്കും

തിരുവനന്തപുരം : സോളര്‍ എനര്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറകളാണ് മോട്ടര്‍ വാഹന വകുപ്പ് സ്ഥാപിക്കുന്നത് . നിലവിലുള്ള ക്യാമറകളുടെ സ്ഥാനം നിരന്തരമായി മാറ്റുമെന്നും അധികൃതര്‍ പറയുന്നു. ഫലത്തില്‍ ക്യാമറകളുടെ സ്ഥാനം മുന്‍കൂട്ടി മനസിലാക്കിയും ക്യാമറകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ആപ്പുകള്‍ ഉപയോഗിച്ചും നിയമലംഘനം നടത്താന്‍ സാധിക്കാതെ വരും. എഐ ക്യാമറകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ പരിശോധിക്കുമ്പോള്‍ കണ്ടെത്തുന്ന മറ്റു കുറ്റങ്ങള്‍ക്ക് കൂടി നോട്ടിസ് തയാറാക്കി അയയ്ക്കും. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇന്‍ഫ്രാറെഡ് ക്യാമറകളായതിനാല്‍ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും. കൂടുതല്‍ കുറ്റകൃത്യങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലും, നിലവിലുള്ള കുറ്റകൃത്യങ്ങളുടെ പരിശോധന കൂടുതല്‍ കാര്യക്ഷമമായും തെറ്റു സംഭവിക്കാത്ത രീതിയിലും സ്വയം പരിഷ്‌ക്കരിക്കുന്ന രീതിയിലുമുള്ള ഡീപ് ലേണിങ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്‍ ആണ് എഐ ക്യാമറകളുടെ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. പ്രധാന കണ്‍ട്രോള്‍ റൂമില്‍നിന്ന് ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂമിലേക്ക് ദൃശ്യങ്ങള്‍ കൈമാറും. അവിടെ നിന്നു നോട്ടിസ് തയാറാക്കി വാഹന ഉടമകള്‍ക്ക് നല്‍കും. അതോടൊപ്പം, വാഹന ഡാറ്റാ ബേസില്‍ ഇ ചലാന്‍ സംവിധാനം വഴി കേസ് രേഖപ്പെടുത്തി വെര്‍ച്വല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യും. ഇത് വാഹനത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനും മറ്റ് സേവനങ്ങള്‍ എടുക്കുന്നതിനും ഭാവിയില്‍ പ്രയാസം സൃഷ്ടിക്കാം. ചലാനുകളെ സംബന്ധിച്ചുള്ള പരാതികള്‍ക്ക് അതത് ജില്ലാ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസുമായി ബന്ധപ്പെടണം. ക്യാമറകള്‍ സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും നോട്ടിസുകള്‍ തയാറാക്കി അയയ്ക്കുന്നതിനും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയതും കെല്‍ട്രോണ്‍ ആണ്. 166 കോടി രൂപയാണ് ചെലവ്. കെല്‍ട്രോണ്‍ ചെലവാക്കിയ തുക 5 വര്‍ഷ കാലാവധിയില്‍ 20 തുല്യ ത്രൈമാസ ഗഡുക്കളായി സര്‍ക്കാര്‍ നല്‍കും. പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും പുറകില്‍ ഇരിക്കുന്നവരുടെയും ഹെല്‍മെറ്റ് ധരിക്കല്‍, ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത്, ഡ്രൈവര്‍മാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പാസഞ്ചര്‍ കാര്‍ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഉപയോഗം എന്നിവയാണ് പ്രധാനമായി പരിശോധിക്കപ്പെടുന്നത്. സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളും പരിശോധിക്കപ്പെടും . ഇതിനായി 675 എഐ ക്യാമറകള്‍, 25 പാര്‍ക്കിങ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 18 റെഡ് ലൈറ്റ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍, 4 മൊബൈല്‍ സ്പീഡ് വയലേഷന്‍ ഡിറ്റക്ഷന്‍ ക്യാമറകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്.