Thursday, April 25, 2024
keralaNews

കറുകച്ചാലില്‍ യുവാവിനെ വെട്ടിക്കൊന്നു

കറുകച്ചാലില്‍ കല്യാണം വിളിക്കാത്തതിന്റെ ദേഷ്യത്തില്‍ വീടിനുനേരെ കല്ലെറിഞ്ഞ യുവാവിനെ വെട്ടിക്കൊന്നു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ ആയുധങ്ങളുമായി കറുകച്ചാല്‍ പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച രാത്രി 12.30ന് ഉമ്പിടി കോളനിഭാഗത്ത് റബര്‍തോട്ടത്തിനു സമീപമാണ് സംഭവം.കല്യാണം വിളിക്കാത്തതിന്റെ ദേഷ്യത്തില്‍ ബിനു പ്രതി സെബാസ്റ്റ്യന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലെറിഞ്ഞതായി പറയപ്പെടുന്നു. ബിനുവുമായി നേരത്തെ വൈരാഗ്യം ഉണ്ടായിരുന്ന വിഷ്ണുവിനെ കൂട്ടുപിടിച്ച് സെബാസ്റ്റ്യന്‍ ബിനുവിനെ വടിവാളിന് വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിനും കൈപ്പത്തിക്കും കാല്‍മുട്ടു മുതല്‍ പാദംവരെയും വെട്ടേറ്റ ബിനുവിനെ സുഹൃത്താണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു.