കണ്ണൂരിലെ കൂട്ട ആത്മഹത്യ: മൂത്ത മകനെ ജീവനോടെയും ഇളയ മക്കളെ കൊന്നശേഷവും കെട്ടിത്തൂക്കി

കണ്ണൂര്‍ : മൂന്ന് മക്കളെയും കൊലപ്പെടുത്തി അമ്മയും സുഹൃത്തും ആത്മഹത്യ ചെയ്ത സംഭവം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. കണ്ണൂര്‍ ചെറുപുഴ പാടിയോട്ട് ചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മക്കളെയും കൊലപ്പെടുത്തിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് നേരത്തെ വ്യക്തമായിരുന്നു. മക്കള്‍ക്ക് കൊലപ്പെടുത്തുന്നതിന് മുമ്പ് ഭക്ഷണത്തില്‍ കലര്‍ത്തി ഉറക്കുഗുളിക നല്‍കി. മൂത്ത മകന്‍ സൂരജിനെ ജീവനോടെയാണ് കെട്ടി തൂക്കിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടി തൂക്കിയത്. മൂന്ന് മക്കളുടെയും മരണം ഉറപ്പാക്കിയ ശേഷം ശ്രീജയും ഷാജിയും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് പാടിയോട്ട്ചാല്‍ വാച്ചാലില്‍ അഞ്ചു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ ഭര്‍ത്താവ് സുനില്‍ നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനായി ശ്രീജയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു നാടിനെ നടുക്കിയ കൂട്ടമരണം. കുട്ടികളെ സ്റ്റെയര്‍കേസിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പാണ് ആദ്യ ഭര്‍ത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു ശ്രീജയും സുഹൃത്തും കുട്ടികള്‍ക്കൊപ്പം താമസിച്ചത്. ഈ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സുനില്‍ ആവശ്യപ്പെട്ടതാണ് തര്‍ക്ക കാരണം. പ്രശ്‌നം പരിഹരിക്കാന്‍ രാവിലെ സ്റ്റേഷനില്‍ എത്താന്‍ മൂവര്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനില്‍ വിളിച്ച് ജീവനൊടുക്കുകയാണെന്ന് അറിയിച്ചു. പൊലീസ് ഉടന്‍ സ്ഥലത്ത് എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവുമായി പിരിഞ്ഞത് അറിഞ്ഞില്ല, പുതിയ പങ്കാളിയെ കുറിച്ച് അറിവില്ലെന്ന് ശ്രീജയുടെ അച്ഛന്‍ പറഞ്ഞു.