Tuesday, April 23, 2024
Local NewsNews

എരുമേലി ഇരുമ്പൂന്നിക്കരയിൽ  വീണ്ടും വന്യമൃഗ ശല്യം;  വളർത്തുനായയെ  കടിച്ചുകൊന്നു 

കാട്ടുപോത്തിന്റെ  ആക്രമണത്തിൽ കണമലയിൽ മരിച്ച തോമസ് ആന്റണിയുടെ  സംസ്കാരം ഇന്ന് 4 മണിക്ക് 

എരുമേലി: ശബരിമല വനാർത്തി മേഖലയായ എരുമേലി ഇരുമ്പൂന്നിക്കര മേഖലയിൽ വീണ്ടും വന്യമൃഗ ശല്യം . ഇന്ന് വെളുപ്പിന് ഫോറസ്റ്റ്  സ്റ്റേഷന്  സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ വളർത്തു നായയെ വന്യ ജീവി  കടിച്ചുകൊന്നു.
ഇരുമ്പൂന്നിക്കര കോയിക്കക്കാവ്  സ്വദേശി പുതിയേടത്ത്  ജോമോന്റെ വീട്ടിലെ നായയെയാണ് വന്യജീവി ആക്രമിച്ചു കൊന്നത്.
നായയുടെ പകുതിഭാഗം വന്യജീവി കടിച്ചു കൊണ്ടുപോയി. കോയിയ്ക്കക്കാവ്  ഫോറസ്റ്റ്  സ്റ്റേഷന് തൊട്ടു സമീപത്തുള്ള വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം ഇരുമ്പൂന്നിക്കര ആശാൻ കോളനി ഭാഗത്ത്  തൈപ്ലാക്കൽ  അനിൽ കുമാറിന്റെ വീട്ടിലെ ആടിനെ വന്യ ജീവി  ആക്രമിച്ചു കൊന്നിരുന്നു. പതാപറമ്പിൽ ജയകുമാർ , ഷിബു തടത്തേൽ എന്നിവരുടെ വളർത്തു നായയെ ആക്രമിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ന് വെളുപ്പിന് ഫോറസ്റ്റ്  സ്റ്റേഷന് മുന്നിൽ വന്യജീവിയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ കണമലയിൽ കാട്ടുപോത്ത് ആക്രമിച്ച രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവം വ്യാപക പ്രതിഷേധം വഴിയൊരുക്കിയിരുന്നു. വന്യജീവികളുടെ ആക്രമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതി ഉയർന്നു കഴിഞ്ഞു. വനാതിർത്തി മേഖലകളിൽ സ്ഥാപിക്കുന്ന സോളാർ വേലികൾ പലസ്ഥലങ്ങളിലും തകർന്നു .പല സ്ഥലങ്ങളിലും സോളാർ വേലികൾ ഇതുവരെ സ്ഥാപിച്ചിട്ടുമില്ല. എരുമുന്നുകര മേഖലയിലെ വനജീവി ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്   തിരുവിതാംകൂർ മലയരയ മഹാസഭയുടെ നേതൃത്വത്തിൽ വകുപ്പ് മന്ത്രിക്കും , മറ്റ് ഉന്നത അധികാരികൾക്കും പരാതിയും നൽകിയിരുന്നു. കണമലയിൽ കാട്ടുപോത്തിന്റെ  ആക്രമണത്തിൽ മരിച്ച തോമസ് ആന്റണിയുടെ  സംസ്ക്കാരം ഇന്ന്   വൈകിട്ട് നാലുമണിക്ക് കണമല സെന്റ്
 തോമസ് പള്ളിയിൽ നടക്കും. മരിച്ച മറ്റൊരാളായ ചാക്കോച്ചന്റെ സംസ്കാരം പിന്നീട് നടക്കും.
ശബരിമല  വനാതിർത്തി  മേഖലയിൽ താമസിക്കുന്നവരുടെ ജീവനും –  സ്വത്തിനും മതിയായ സംരക്ഷണം നൽകിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും തിരുവിതാംകൂർ മലയരയ  മഹാസഭ കമ്മറ്റിയംഗം പി ആർ രാജീവ് പറഞ്ഞു. നഷ്ടപരിഹാരമല്ല, തങ്ങൾക്ക് സ്വന്തം  ജീവനാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.