Saturday, April 20, 2024
indiaNewsSports

മൂന്നാം ഏകദിനത്തില്‍ രോഹിത്തിനും – ഗില്ലിനും സെഞ്ചുറി

ഇന്‍ഡോര്‍: ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ന്യൂസിലന്‍ഡിനെതിരെയുളള മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് രോഹിത് ശര്‍മ (101), ശുഭ്മാന്‍ ഗില്‍ (112) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 385 റണ്‍സാണ് അടിച്ചെടുത്തത്.  ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. ജേക്കബ് ഡഫി, ബ്ലെയര്‍ ടിക്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍മാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക്ക്, യൂസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് പകരക്കാര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ഒന്നാം വിക്കറ്റില്‍ ഗില്‍- രോഹിത് സഖ്യം 212 റണ്‍സ് കൂട്ടിചേര്‍ത്തു. രോഹിത്താണ് 85 പന്തുകള്‍ നേരിട്ട് ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആറ് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ബ്രേസ്വെല്ലന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത്. പിന്നാലെ ഗില്ലും സെഞ്ചുറി പൂര്‍ത്തിയാക്കി. 78 പന്തുകള്‍ നേരിട്ട ഗില്ലിന്റെ ഇന്നിംഗ്സില്‍ അഞ്ച് സിക്സും 13 ഫോറും ഉണ്ടായിരുന്നു. ബ്ലെയര്‍ ടിക്നറുടെ പന്തില്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കുകയിരുന്നു ഗില്‍. ശേഷമെത്തിയ വിരാട് കോലി (36), ഇഷാന്‍ കിഷന്‍ (17), സൂര്യകുമാര്‍ യാദവ് (14), വാഷിംഗ്ടണ്‍ സുന്ദര്‍ (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കിഷന്‍ കോലിയുമായുള്ള ആശയക്കുഴപ്പത്തിനിടെ റണ്ണൗട്ടായി. കോലിയാവട്ടെ ജേക്കബ് ഡഫിയുടെ പന്തില്‍ ഫിന്‍ അലന് ക്യാച്ച് നല്‍കി. സൂര്യയേയും ഡഫി മടക്കി. സുന്ദര്‍ ടിക്നര്‍ക്കും വിക്കറ്റ് നല്‍കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ (38 പന്തില്‍ 54) ഷാര്‍ദുല്‍ ഠാക്കൂര്‍ (25) സഖ്യമാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 54 റണ്‍സ് കൂട്ടിചേര്‍ത്തു. 48-ാം ഓവറില്‍ ഷാര്‍ദുലും അടുത്ത ഓവറില്‍ ഹാര്‍ദിക്കും മടങ്ങി. ഉമ്രാന്‍ മാലിക്ക് (3) പുറത്താവാതെ നിന്നു. കുല്‍ദീപ് യാദവ് (3) അവസാന പന്തില്‍ റണ്ണൗട്ടായി. മൈക്കല്‍ ബ്രേസ്വെല്ലിന് ഒരു വിക്കറ്റുണ്ട്.