Thursday, April 25, 2024
EntertainmentkeralaNewsObituary

സര്‍ക്കസ് കൂടാരങ്ങളിലെ ജീവവായുവാണ് വിടവാങ്ങിയത്

സര്‍ക്കസിന്റെ അന്തരീക്ഷത്തില്‍ താമസിച്ച്, സര്‍ക്കസ് തന്നെ ശ്വസിച്ച സര്‍ക്കസ് കൂടാരങ്ങളിലെ ജീവവായു ജെമിനി ശങ്കരന്‍ വിടവാങ്ങിയത് .
ബഹുവര്‍ണ ലൈറ്റുകള്‍, പാട്ടുകള്‍, തിളങ്ങുന്ന ഉടുപ്പുകളണിഞ്ഞ സുന്ദരികളും സുന്ദരന്മാരും ആന, പുലി, സിംഹങ്ങള്‍, ട്രപ്പീസ് കളിക്കാര്‍, കോമാളികള്‍, റിംഗ് മാസ്റ്റര്‍, മരണക്കിണര്‍, മാജിക്കുകാര്‍, നര്‍ത്തകര്‍, യൂണിസൈക്ലിസ്റ്റ്, ഫയര്‍ ബ്രീത്തേഴ്സ്, സ്റ്റണ്ട് തുടങ്ങി തമ്പിലെന്നും ആരവമാണ്. സര്‍ക്കസ് കൂടാരങ്ങള്‍ക്കുള്ളില്‍ മറ്റൊരു ലോകമാണ്. സര്‍ക്കസിനുവേണ്ടി ശരീരത്തെ വഴക്കിയെടുത്ത്, സര്‍ക്കസിന്റെ അന്തരീക്ഷത്തില്‍ താമസിച്ച്, സര്‍ക്കസ് തന്നെ ശ്വസിച്ചാണ് സര്‍ക്കസിലെ ഓരോ കലാകാരന്മാരും ജീവിക്കുന്നത്. ജീവനേയും ജീവിതത്തേയും ഈ വിധത്തില്‍ സര്‍ക്കസിനോട് കൂട്ടിക്കെട്ടി ജീവിച്ച ജെമിനി ശങ്കരനാണ് വിടവാങ്ങിയത്. താരങ്ങള്‍ക്ക് ദിവസം 3000 രൂപ വരെ ശമ്പളം നല്‍കിയിരുന്ന, സര്‍ക്കസിനെ ആധുനികവത്ക്കരിച്ച, 40 സിംഹങ്ങളെ വരെ കൈവശം വച്ചിരുന്ന ജെമിനി ശങ്കരന് സര്‍ക്കസെന്നാല്‍ ജീവവായു തന്നെയായിരുന്നു. കല്‍ക്കത്തയിലെ ബോസ് ലയണ്‍ സര്‍ക്കസില്‍ ട്രപ്പീസ് കളിക്കാരനായാണ് സര്‍ക്കസ് ലോകത്ത് ശങ്കരന്‍ പേരും പ്രശസ്തിയും നേടുന്നത്. റെയ്മന്‍ സര്‍ക്കസിലും ദീര്‍ഘകാലം ശങ്കരന്‍ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ശങ്കരന്‍ വിജയ സര്‍ക്കസ് സ്വന്തമാക്കുന്നത്. താന്‍ വാങ്ങിയ സര്‍ക്കസ് കമ്പനിയ്ക്ക് തന്റെ ജന്മരാശിയുടെ പേര് മതിയെന്ന് ശങ്കരന്‍ തീരുമാനിച്ചതോടെ വിജയ സര്‍ക്കസ് ജെമിനി സര്‍ക്കസ് ആയി മാറുകയായിരുന്നു. 1977ലാണ് ജെമിനിയുടെ സഹോദര സ്ഥാപനമായി അദ്ദേഹം ജംബോ സര്‍ക്കസും ആരംഭിക്കുന്നത്. മനേകാ ഗാന്ധി കേന്ദ്രമന്ത്രിയായപ്പോള്‍ സര്‍ക്കസില്‍ മൃഗങ്ങളെ ഉപയോഗിക്കുന്നത് തടയുന്ന അവസ്ഥ വന്നു. ശങ്കരന് 18 ആനകളും 40 സിംഹങ്ങളും വരെയുണ്ടായിരുന്ന സമയങ്ങളുണ്ടായിരുന്നു. പല മൃഗങ്ങളേയും പഴയ ചില രാജകുടുംബങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും മറ്റും വാങ്ങിയതാണ്. നിയമം ശക്തമായതോടെ താന്‍ സ്നേഹിച്ച് പരിപാലിച്ചിരുന്ന പുലികളേയും സിംഹങ്ങളേയും ഹിപ്പോകളേയും ജിറാഫിനേയുമെല്ലാം ശങ്കരന് ഹൃദയവേദനയോടെ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.തനിക്ക് ആരോഗ്യമുള്ള കാലത്തോളം ശങ്കരന്‍ സര്‍ക്കസിനെ പൊന്നുപോലെ നോക്കി. അദ്ദേഹത്തിന്റെ മക്കള്‍ ഇപ്പോഴും സര്‍ക്കസ് ബിസിനസ് തുടരുന്നുണ്ട്. മലക്കം മറിയുന്ന ജീവിതം എന്ന പേരില്‍ തന്റെ സര്‍ക്കസ് അനുഭവങ്ങള്‍ വിവരിച്ച് അദ്ദേഹം ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്.