ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് മാര്‍പ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. കുറച്ച് ദിവസം അദ്ദേഹത്തിന് അശുപത്രിയില്‍ തുടരേണ്ടി വരുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 86കാരനായ മാര്‍പ്പാപ്പയ്ക്ക് കൊവിഡ് 19 ഇല്ലെന്നും അദ്ദേഹത്തിന്റെ വക്താവ് മാറ്റിയോ ബ്രൂണി ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വിശദമാക്കി. ബുധനാഴ്ചയാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത വര്‍ഷം ഇന്ത്യയിലേക്ക് എത്തുമെന്ന് മാര്‍പ്പാപ്പ സുഡാന്‍ സന്ദര്‍ശനത്തിന് പിന്നാലെ വിശദമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു.