Saturday, April 20, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞിയിട്ടും ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം നല്കിയില്ല.

എരുമേലി. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എത്തിയ എരുമേലിയില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് ശമ്പളം നല്കിയില്ല.തമിഴ്‌നാട്ടില്‍ നിന്നുള്ള 125 തൊഴിലാളികളാണ് എരുമേലിയില്‍ ശുചീകരണത്തിന് എത്തിയത്. ദിവസം രണ്ട് നേരമായി 45 ദിവസമാണ് ഇവര്‍ എരുമേലിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയത്. വിശുദ്ധി സേന അംഗങ്ങള്‍ എന്ന പേരില്‍ പരിചയപ്പെടുത്തി എരുമേലിയെ മാലിന്യങ്ങളില്‍ നിന്നും രക്ഷിച്ച തൊഴിലാളികള്‍ക്ക് യഥാസമയം ശമ്പളം നല്കാത്ത നടപടിയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജനുവരി 20 ന് തീര്‍ത്ഥാടനം സമാപിച്ചപ്പോള്‍ തൊട്ട് അടുത്ത ദിവസം ശമ്പളം നല്കുമെന്ന് അധികൃതര്‍ പറഞ്ഞതായി ഇവര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെയും ശമ്പളം നല്കാത്തതില്‍ പ്രതിഷേധിച്ച് 10 അംഗതൊഴിലാളി സംഘം ഇന്ന് എരുമേലിയില്‍ എത്തിയിരിക്കുകയാണ്.

തീര്‍ത്ഥാടകര്‍ അടക്കം റോഡില്‍ തള്ളുന്ന മാലിന്യങ്ങള്‍ യഥാസമയം തൂത്തുവാരി ശേഖരിച്ച തൊഴിലാളികളോടാണ് ഈ അവഗണന.തീര്‍ത്ഥാടന വേളയില്‍ എരുമേലിയെ വൃത്തിയാക്കാന്‍ ഏറ്റവും അധികം പ്രവര്‍ത്തിക്കുന്നത് ഇവര്‍ തന്നെയാണ്.45 ദിവസത്തെ ഇവരുടെ കഷ്ടപ്പാടും, മാതൃകപരമായ ശുചീകരണവുമാണ് എരുമേലിയെ മാലിന്യ വിമുക്തമാക്കിയത്.എന്നാല്‍ എരുമേലിയില്‍ ഡ്യൂട്ടിയ്ക്ക് എത്തിയായ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും,യഥാസമയം
ശമ്പളം വാങ്ങിയിട്ടും പൊരി വെയിലത്ത് റോഡില്‍ ഇറങ്ങി പണിയെടുത്ത തൊഴിലാളികള്‍ക്കാണ് ഈ ദുരവസ്ഥ.ഒരു ദിവസം 450 രൂപ വേതനാടിസ്ഥാനത്തിലാണ് ഇവരെ ശുചീകരണത്തിനായി നിയോഗിച്ചത്. ഇവര്‍ക്ക് ഉള്ള ശമ്പളം പത്തനംതിട്ടയില്‍ നിന്നും കോട്ടയത്ത് എത്തി കള്കടര്‍ വഴിയാണ് നല്കുന്നത്.എന്നാല്‍ ഫണ്ട് ഇല്ലാത്തതാണ് ശമ്പളം നല്കാന്‍ വൈകുന്നതെന്നും പറയുന്നു.എരുമേലിയില്‍ എത്തിയ തൊഴിലാളികള്‍ക്ക് നാളെ ശമ്പളം നല്കുന്നത് സംബന്ധിച്ച് തീരുമാനം ആയില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസ് മുമ്പില്‍ പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം.അടുത്ത വര്‍ഷം എരുമേലിയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വരില്ലെന്നും ഇവര്‍ പറഞ്ഞു.മുമ്പ് ഇത്തരത്തില്‍ ശമ്പളം നല്കാന്‍ വൈകിയതിനെതിരെ തൊഴിലാളികള്‍ പ്രതിഷേധിച്ച് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.ഇതേ തുടര്‍ന്ന് തീര്‍ത്ഥാടനം അവസാനിക്കുന്നതിടോപ്പം ശമ്പളം നല്കിയാണ് അന്ന് നാണക്കേട് പരികരിച്ചത്.തീര്‍ത്ഥാടന ഭാഗമായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുമ്പോഴാണ് ഈ തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന്‍ അധികൃതര്‍ക്ക് കഴിയാത്തത്.