Friday, April 19, 2024
Local NewsNewspolitics

എരുമേലി ഉപതെരഞ്ഞെടുപ്പ് : ഒഴക്കനാട് 64.41 ശതമാനം പോളിംഗ്

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡായ ഒഴക്കനാട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 64.41 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വോട്ടര്‍പട്ടികയിലെ കണക്ക് അനുസരിച്ച് 1776 പേരില്‍ 1144 പേര്‍ വോട്ട് രേഖപ്പെടുത്തി.585 സ്ത്രീകളും 559 പുരുഷന്മാരും ആണ് വോട്ട് ചെയ്തത്. വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്തായ കനകപ്പലം എന്‍ എം എല്‍ പി സ്‌കൂളില്‍ 914 വോട്ടില്‍ 583 വോട്ടുകളും, രണ്ടാം നമ്പര്‍ ബൂത്തായ എന്‍എസ്എസ് കരയോഗം ഓഫീസില്‍ 862ല്‍ 561 വോട്ടുകളാണ് രേഖപ്പെടുത്തിയത്. നാളെ രാവിലെ 10 മണിക്ക് എരുമേലി ഗ്രാമപഞ്ചായത്ത് ഹാളില്‍ വോട്ടുകള്‍ എണ്ണും. ഇതിനിടെ ബൂത്തിന് സമീപം കൂട്ടം കൂടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തള്ളിനീക്കി. തുടര്‍ന്ന് പോലീസും – കോണ്‍ഗ്രസുമായി വാക്കേറ്റം ഉണ്ടായി. കോണ്‍ഗ്രസിലെ ഘടക കടകക്ഷിയായ ആര്‍എസ്പിയുടെ നേതാവിനെ പോലീസ് തള്ളിയതാണ് വാക്കേറ്റത്തിന് കാരണമായത്. തിരഞ്ഞെടുപ്പ് തീരുമെന്ന് തൊട്ടുമുമ്പ് ബൂത്തിന് സമീപം ആളുകള്‍ കൂട്ടം കൂടിയതാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും പോലീസ് പറഞ്ഞു. കോണ്‍ഗ്രസ് അംഗമായിരുന്ന പി എസ് സുനിമോള്‍ ജോലി ലഭിച്ചതിന് തുടര്‍ന്ന് രാജിവച്ച വാര്‍ഡിലേക്കാണ്ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ 250ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ് പറഞ്ഞു. എന്നാല്‍ നൂറില്‍ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ റ്റി.എസ് കൃഷ്ണകുമാര്‍ പറഞ്ഞു.