Friday, April 26, 2024
keralaLocal NewsNews

എരുമേലി വിമാനത്താവളം; റണ്‍വേയുടെ മണ്ണ് പരിശോധന തുടങ്ങി

എരുമേലി: എരുമേലി ചെറുവള്ളി തോട്ടത്തില്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റണ്‍വേയിലെ മണ്ണ് പരിശോധനയായ പെഗ് മാര്‍ക്ക് തുടങ്ങി. എരുമേലി ബിലിവേഴ്‌സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ചെറുവള്ളി എസ്റ്റേറ്റിലാണ് ഇന്ന് രാവിലെ മണ്ണ് പരിശോധന നടത്തിയത്. റവന്യൂ വകുപ്പ് , കോട്ടയം ജില്ല കളക്ടര്‍, തോട്ടം മാനേജ്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ സ്വകാര്യ കള്‍ട്ടന്‍സി ഏജന്‍സിയായ ലൂയിസ് ബര്‍ഗ് പ്രതിനിധികള്‍ മണ്ണ് പരിശോധന നടത്തിയത്.              ചെറുവള്ളി തോട്ടത്തിന്റെ മധ്യഭാഗത്ത് കൂടി കിഴക്ക് – പടിഞ്ഞാറ് ദിശയില്‍ മൂന്ന് കിലോമീറ്റര്‍ ആണ് വിമാനത്താവള പദ്ധതിക്കായി റണ്‍വേ കണ്ടെത്തിയിരിക്കുന്നത് . ഈ മൂന്ന് കിലോമീറ്ററിനുള്ളിലെ മണ്ണാണ് പരിശോധിക്കുന്നത് . റണ്‍വേയില്‍ 20 മീറ്റര്‍ താഴ്ച്ചയില്‍ എട്ടു കുഴികളാണ് (കുഴല്‍ കിണര്‍ പോലെ) മണ്ണ് പരിശോധനയ്ക്കായി നിര്‍മ്മിക്കുന്നത് .മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മണ്ണെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ 21 ദിവസത്തിനുള്ളില്‍ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏജന്‍സി അധികൃതര്‍ പറഞ്ഞു. എടുക്കുന്ന മണ്ണ് മുംബൈയിലെ ലാബിലാണ് പരിശോധിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. തോട്ടത്തിലെ റണ്‍വേയുടെ നിര്‍മ്മാണം സംബന്ധിച്ച് ഡ്രോണ്‍ ഉപയോഗിച്ച് നേരത്തെ റണ്‍വേ അടയാളപ്പെടുത്തിയിരുന്നു. എരുമേലി വില്ലേജ് ഓഫീസര്‍ വര്‍ഗീസ് ജോസഫ് , മണിമല വില്ലേജ് ഓഫീസര്‍ ബിനോയി സെബാസ്റ്റ്യന്‍, ഹെഡ് ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയപ്രകാശ്,ഹെഡ് സര്‍വ്വേയര്‍ സാലമ്മ യോഹന്നാന്‍ , താലൂക്ക് സര്‍വേയര്‍ രാജേഷ്, ക്ലര്‍ക്ക് മാരായ വിദ്യ, മൈക്കിള്‍ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. കഴിഞ്ഞമാസം ചെറുവള്ളി തോട്ടത്തില്‍ പെഗ് മാര്‍ക്ക് ചെയ്യാന്‍ എത്തിയ സംഘത്തെ മതിയായ രേഖകള്‍ ഇല്ലെന്ന് കാരണത്താല്‍തോട്ടം അധികൃതര്‍ തടഞ്ഞിരുന്നു.ഇതേ തുടര്‍ന്ന് ജില്ല കളക്ടര്‍ പ്രത്യേക ഉത്തരവ് നല്‍കിയാണ് ഇന്ന് മണ്ണ് പരിശോധന ആരംഭിച്ചത് .