Saturday, April 20, 2024
keralaLocal NewsNewspolitics

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ;എരുമേലി കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങി .

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമാകുന്നതോടെ കോണ്‍ഗ്രസില്‍ തര്‍ക്കം തുടങ്ങി.നിലവില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എരുമേലി സീറ്റിനെ ചൊല്ലിയാണ് തര്‍ക്കം.കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ.പി എ സലിം മത്സരിച്ചാല്‍ താന്‍ പിന്‍മാറുമെന്നും,എന്നാല്‍ മത്സരിച്ചില്ലെങ്കില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്നും മുക്കൂട്ടുതറ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രകാശ് പുളിക്കന്‍ പറഞ്ഞു.എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും,ജില്ല പഞ്ചായത്തിലെ എരുമേലി ഡിവിഷന്‍ എ ഗ്രൂപ്പ് സീറ്റാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ബിനു മറ്റക്കര പറഞ്ഞു.മൂന്ന് ജില്ല പഞ്ചായത്ത് സീറ്റില്‍ രണ്ടെണ്ണം എ ഗ്രൂപ്പിന്റേതാണ്.ഒരെണ്ണം ഐ ഗ്രൂപ്പിനും.മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് റോയി കപ്ലിലുമാക്കലിന്റെ പേരും പരിഗണനയിലാണ്.മൂന്നു തവണ ഗ്രാമ പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ച തനിക്കാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനുള്ള അടുത്ത യോഗ്യതയെന്നും അതിനാലാണ് തയ്യാറാകുന്നതെന്നും പ്രകാശ് പറഞ്ഞു.എന്നാല്‍ കോണ്‍ഗ്രസ് സെക്രട്ടറി പി എ സലീമിന്റെ നിര്‍ദേശപ്രകാരമാണ് തന്റെ സ്ഥാനാര്‍ഥിത്വം പരിഗണനയിലുണ്ടെന്ന് ബിനു മറ്റക്കരയും പറഞ്ഞു. ഏതെങ്കിലും വാര്‍ഡിലോ -ബ്ലോക്ക് ഡിവിഷനിലോ മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍ അതും താന്‍ കേള്‍ക്കും.എല്ലാം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്.കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ പി എ സലിമിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി മറ്റൊരാളെ താരതമ്യപ്പെടുത്തുന്നത് ശരിയെല്ലെന്നും ബിനു
പറഞ്ഞു.മുക്കൂട്ടുതറ വാര്‍ഡ് കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലയാണ്.അവിടെ ആര് നിന്നാലും വിജയിക്കും അവിടുത്തെ വിജയം ജില്ലാ പഞ്ചായത്തിലേക്കുള്ള വിജയമായി കാണേണ്ടതിലെന്നും ബിനു പറഞ്ഞു. ഇതിനിടെ ജില്ല പഞ്ചായത്ത് സ്ഥാനാര്‍ഥിയായി ബന്ധപ്പെട്ട ഇരുവര്‍ക്കും അനുകൂലമായി നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വ്യാപകമായി തുടങ്ങി.ജില്ലാ പഞ്ചായത്ത് സീറ്റിന് ചുറ്റുമുള്ള തര്‍ക്കം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.