Friday, April 26, 2024
keralaNewsObituary

വിങ്ങിപ്പൊട്ടി ഒരു നാട് ; ഡോ.വന്ദനക്ക് യാത്രാമൊഴി നല്‍കി നാടും കുടുംബവും

കോട്ടയം: ആശുപത്രിയില്‍ എത്തിച്ച പ്രതി അതിക്രൂരമായി  കുത്തിക്കൊലപ്പെടുത്തിയ ഡോ.വന്ദനക്ക് യാത്രാമൊഴി നല്‍കി നാടും കുടുംബവും.
ഡോ. വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കണ്ണ് നിറഞ്ഞ് വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവന്‍ ഡോക്ടര്‍ വന്ദനക്ക് യാത്രാമൊഴി നല്‍കി. ഏകമകള്‍ക്ക് അന്ത്യ ചുംബനം നല്‍കുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനാക്കി. ഇന്നലെ രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയായ സന്ദീപ് ഡോക്ടര്‍ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നു.
കൊല്ലത്ത് ഡോ വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് മൃതദേഹം വീട്ടിലെക്ക് കൊണ്ടുവന്നത്. വന്ദനക്ക് ആരോഗ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ആദരാജ്ഞലി അര്‍പ്പിച്ചു. മന്ത്രിമാരും സ്പീക്കറുമുള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. വന്ദനയുടെ മുത്തശ്ശനെയും, മുത്തശ്ശിയെയും സംസ്‌കരിച്ചതിനോട് ചേര്‍ന്നാണ് വന്ദനക്കും ചിതയൊരുക്കിയത്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദ് ആണ് ചിതക്ക് തീകൊളുത്തിയത്. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് വന്ദന അക്രമിയുടെ കൊലക്കത്തിക്കിരായായത്. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന ദാസിന്റെ പേര് നല്‍കാന്‍ തീരുമാനം. വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നല്‍കി കഴിഞ്ഞു.