Friday, April 26, 2024
keralaNews

കൊവിഡ് വ്യാപനം ;ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി

കേരളത്തിലെ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച് വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇലക്ഷന്‍ സമയത്ത് മാസ്‌ക് ധരിക്കാനും പരമാവധി സാമൂഹിക അകലം പാലിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പരമാവധി ആളുകള്‍ മാസ്‌ക് ധരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് യോഗങ്ങളിലും മറ്റും സാമൂഹിക അകലം ജനങ്ങള്‍ പാലിക്കുന്നത് കുറഞ്ഞു.’കൊവിഡ് രോഗാണു അതിവേഗം പടരുന്നതിനാല്‍ ചെയിന്‍ ബ്രേക്ക് ചെയ്യുകയല്ലാതെ രോഗം നിയന്ത്രിക്കാന്‍ മറ്റ് മാര്‍ഗമില്ല. ഇലക്ഷന്‍ കഴിഞ്ഞ സ്ഥിതിക്ക് ഇനി കൊവിഡ് പ്രതിരോധം കടുപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.’ ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളില്‍ കൂടുതല്‍ കൊവിഡ് രോഗികള്‍ വരാന്‍ സാദ്ധ്യതയുളളതുകൊണ്ട് സൗകര്യങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. സി കാറ്റഗറിയില്‍ പെട്ട ഗുരുതരമായ രോഗമുളളവര്‍ക്ക് മാത്രമാണ് മെഡിക്കല്‍ കൊളജില്‍ ചികിത്സ നല്‍കിയിരുന്നത്. 60 വയസ്സിന് മുകളിലുളളവരാണ് ഇത്തരത്തില്‍ കൂടുതല്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറുപ്പക്കാരിലും ചെറിയൊരു വിഭാഗത്തിന് അങ്ങനെ ഗുരുതരമാകുന്ന രോഗം കണ്ടുവരുന്നു.അതേസമയം സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും സര്‍ക്കാര്‍ സൗകര്യം വര്‍ദ്ധിപ്പിക്കും. ആശുപത്രികള്‍ക്ക് സാമ്പത്തികമായ സഹായം പൂര്‍ണമായും സര്‍ക്കാര്‍ ചെയ്യുമെന്ന് കെ.കെ ശൈലജ അറിയിച്ചു. ചെറിയ ലക്ഷണം മാത്രമുളള എ കാറ്റഗറി രോഗികള്‍ നിലവില്‍ ഹോം ഐസൊലേഷനിലാണ്. വീട്ടില്‍ പ്രത്യേകം മുറിയും ബാത്ത്റൂമുമുളളവര്‍ക്കേ ഇതിന് അനുവാദമുളളൂ. ഇവര്‍ക്ക് പുതിയ രോഗലക്ഷണമുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും. വീടുകളില്‍ സൗകര്യമില്ലാത്തവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമുണ്ടായാല്‍ പുത്തന്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.