രണ്‍ജി പണിക്കരുടെ സിനിമകള്‍ക്ക് തീയേറ്ററില്‍ വിലക്ക്
തിരുവനന്തപുരം: നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ക്ക് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ വിലക്ക്. രണ്‍ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കുടിശിക തീര്‍ക്കുന്നത് വരെ രണ്‍ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക്ക് വ്യക്തമാക്കി. രണ്‍ജി പണിക്കര്‍ അഭിനയിച്ച ചിത്രങ്ങളും മറ്റേതെങ്കിലും തരത്തില്‍ ഭാഗമായിട്ടുള്ള സിനിമകളുമാണ് വിലക്കുക. കുടിശിക തീര്‍ക്കുന്നത് വരെ യാതൊരു കാരണവശാലും അദ്ദേഹത്തിന്റെ സിനിമകള്‍ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. ഇക്കാര്യത്തില്‍ രണ്‍ജി പണിക്കര്‍ ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.