Tuesday, April 23, 2024
indiaNews

ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി

ചൈനയില്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന ബിഎഫ് 7 ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമിക്രോണ്‍ വകഭേദം ഗുജറാത്തില്‍ 61 വയസ്സുകാരിക്കാണ് സ്ഥിരീകരിച്ചത്. യുഎസില്‍ നിന്ന് അടുത്തിടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് ബിഎഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് റിപ്പോര്‍ട്ട്.അതേസമയം, ചൈനയും യുഎസും ഉള്‍പ്പെടെ 5 രാജ്യങ്ങളില്‍ കോവിഡ് തിരിച്ചുവരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ, രാജ്യത്ത് വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന പുനരാരംഭിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്നത് തടയാനാണിത്.

വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും കോവിഡ് വ്യാപനവും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്.കോവിഡ് പൂര്‍ണമായും രാജ്യത്തുനിന്ന് പോയിട്ടില്ല. അതിനാല്‍ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡ് വ്യാപനവും സംബന്ധിച്ചുള്ള അവലോകനവും യോഗത്തില്‍ നടന്നു.