Saturday, April 20, 2024
Uncategorized

ലോക വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണം

ദില്ലി : ലോക വനിത ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം. 81 കിലോ വിഭാഗത്തില്‍ സവീറ്റി ബൂറയാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ ചൈനീസ് താരം വാങ് ലിനയെയാണ് തോല്‍പ്പിച്ചത്. ലോക വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് രണ്ടാം സ്വര്‍ണം. 43 എന്ന സ്‌കോറിനാണ് വിജയം നേടിയത്. സാവീറ്റിയും ചൈനയുടെ വാങ് ലിനയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ നിതു ഘന്‍ഘാസാണ് ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. ഹരിയാനയിലെ കര്‍ഷക കുടുംബത്തിലാണ് സവീറ്റി ബൂറയുടെ ജനനം. 2009-ല്‍ അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ബൂറ ബോക്സിംഗിലേക്ക് തിരിയുന്നത്. അതുവരെ സംസ്ഥാനതല കബഡി താരമായിരുന്നു. കായികരംഗത്ത് നിരവധി നേട്ടങ്ങളാണ് താരം സ്വന്തമാക്കിയത്. 2015-ല്‍ വുലാഞ്ചബുവില്‍ നടന്ന ഏഷ്യന്‍ വനിതാ അമച്വര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തുന്ന ഏക ഇന്ത്യക്കാരി ബൂറയായിരുന്നു. താരത്തിന്റെ കായികനേട്ടങ്ങള്‍ക്ക് 2017-ല്‍ ഹരിയാന സര്‍ക്കാരിന്റെ ഭീം അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മംഗോളിയയുടെ ലുത്സൈഖാനെയാണ് തോല്‍പ്പിച്ചത്. 5-0 ത്തിന് തോല്‍പിച്ചാണ് നിതു കിരീടം സ്വന്തമാക്കിയത്. ഓപ്പണിംഗ് റൗണ്ടില്‍ ആദ്യ മൂന്ന് മിനിറ്റില്‍ നിതു മേല്‍ക്കൈ നിലനിര്‍ത്തി. എന്നാല്‍ രണ്ടാം റൗണ്ടില്‍ മംഗോളിയന്‍ താരം തിരിച്ചടി നല്‍കിയെങ്കിലും മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡലാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് നിതു ഘന്‍ഘാസ്.