Thursday, April 18, 2024
Uncategorized

ഫീസും ചെലവ് കാശും നല്‍കുന്നില്ല; അട്ടപ്പാടി മധു കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പെരുവഴിയില്‍

പാലക്കാട്: ഫീസും ചെലവ് കാശും നല്‍കുന്നില്ല. അട്ടപ്പാടി മധു കേസ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പെരുവഴിയില്‍. മധുകൊലക്കേസിന്റെ വിചാരണ അവാസനിക്കാനിരിക്കെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസും ചെലവ് കാശും നല്‍കാതെ സര്‍ക്കാര്‍ അവഗണിക്കുന്നത് .122 സാക്ഷികളുള്ള കേസില്‍ ഇനി രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ മാത്രമാണ് വിസ്തരിക്കാനുള്ളത്. തിങ്കളാഴ്ചയാണ് ഇവരുടെ വിസ്താരം നിശ്ചയിച്ചിരിക്കുന്നത്.സാക്ഷി വിസ്താരം, സാക്ഷികളെ സ്വാധീനിക്കല്‍, കൂറുമാറ്റം,സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കല്‍, കൂറുമാറിയവരെ വീണ്ടും വിസ്തരിക്കല്‍,പുനര്‍ വിസ്താരത്തില്‍ മൊഴി തിരുത്തല്‍. കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കല്‍, മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തല്‍,ഭീഷണിപ്പെടുത്തിയവരുടെ അറസ്റ്റ്, മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന്റെ തെളിവ് മൂല്യത്തര്‍ക്കം.അത് തയ്യാറാക്കിയവരെ വിസ്തരിക്കല്‍. അസാധാരണ നടപടികള്‍ ഏറയുണ്ടായ മധുകൊലക്കേസില്‍ വിചാരണ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. രഹസ്യമൊഴി തിരുത്തിയവര്‍ക്ക് എതിരെയുള്ള നടപടിയിലും കോടതിയെ തെറ്റിദ്ധരിപ്പിച്ച സാക്ഷികള്‍ക്ക് എതിരെയുളള ഹര്‍ജികളിലും തീരുമാനം വരാനുണ്ട്. കേസില്‍ എല്ലാ കാര്യങ്ങളും പ്രോസിക്യൂഷന് ശാസ്ത്രീയമായി തന്നെ തെളിയിക്കാന്‍ കഴിഞ്ഞെന്നതും വലിയ നേട്ടമാണ് . നേരത്തെ നിശ്ചയിച്ച പ്രോസിക്യൂട്ടര്‍മാര്‍ പരാജയപ്പെട്ടിടത്താണ്,രാജേഷ് എം.മേനോന്‍ മധുകേസിന്റെ ഗതിമാറ്റിയത്. 240 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ച ഫീസ്. ചെലവെങ്കിലും തരണമെന്ന് നേരത്തെ രേഖാമൂലം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് മാത്രമല്ല , നല്‍കിയ കത്തിന് മറുപടി പോലും ഇല്ല.മധുകേസ് കഴിഞ്ഞാല്‍, സ്വന്തം ഫീസ് കിട്ടാന്‍ മറ്റൊരു കേസ് നടത്തേണ്ടി വരുമോ ഈ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്നതാണ് സംശയം.