Thursday, April 25, 2024
keralaNewsObituary

പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട 3 പേരില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ആറന്മുളയില്‍ പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട 3 പേരില്‍ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. സഹോദരങ്ങളായ മെറിനും മെഫിനും ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട എബിന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. വൈകിട്ട് നാല് മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്.  ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എട്ട് പേരാണ് മാരാമന്‍ കണ്‍വെന്‍ഷന്‍ കഴിഞ്ഞ് മടങ്ങും വഴി പരപ്പുഴക്കടവിനടുത്ത് കുളിക്കാന്‍ ഇറങ്ങിയത്. ഏറെ സമയം വെള്ളത്തില്‍ ചെലവഴിച്ചതിനുശേഷം തിരിച്ചു കയറും വഴിയാണ് സംഘത്തില്‍ ഉണ്ടായിരുന്ന എബിന്‍ ആഴമുള്ള കയത്തിലേക്ക് വീണത്. എബിന്‍ വീഴുന്നത് കണ്ട് രക്ഷിക്കാന്‍ ഇറങ്ങിയതാണ് മെറിനും മെഫിനും. ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ മൂന്ന് പേര്‍ക്കും നിയന്ത്രണം കിട്ടിയില്ല. ഒപ്പം ഉണ്ടായിരുന്ന ബാക്കിയുള്ളവര്‍ കരക്കെത്തി ബഹളം വെച്ചപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും എത്തി തെരച്ചില്‍ തുടങ്ങി. മുങ്ങല്‍ വിദഗ്ദരാണ് മെറിന്റെയും മെഫിന്റെയും മൃതദേഹംകണ്ടെത്തിയത്. സഹോദരങ്ങളായ ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരു സ്ഥലത്ത് നിന്നാണ് കിട്ടിയത്. അപകട സാധ്യതയുള്ള കടവിലേക്ക് ഇറങ്ങരുതെന്ന് നാട്ടുകാര്‍ ചിലര്‍ യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറന്മുള പൊലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നാളെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.