Wednesday, April 24, 2024
EntertainmentindiaNewsUncategorized

മുഗള്‍ ഗാര്‍ഡന്‍ ഇനി അമൃത് ഉദ്യാന്‍ എന്നറിയപ്പെടും

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്റെ മുഗള്‍ ഗാര്‍ഡന്‍ ഇനിമുതല്‍ അമൃത് ഉദ്യാന്‍ എന്നറിയപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മുഗള്‍ ഗാര്‍ഡന്‍ എന്ന പേര് പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ആസാദി കാ അമൃത് മഹോത്സവ് എന്ന പ്രമേയവുമായി ചേരുന്നതിനാലാണ് അമൃത് ഉദ്യാന്‍ എന്ന പേര് നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഡെപ്യൂട്ടി സെക്രട്ടറി നവീക ഗുപ്തയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പൂന്തോട്ടത്തിന്റെ ഉദ്ഘാടനം വരുന്ന ഞായറാഴ്ച രാഷ്ട്രപതി നിര്‍വഹിക്കും. ജനുവരി 31 മുതല്‍ മാര്‍ച്ച് 26 വരെയുള്ള രണ്ട് മാസം ഉദ്യാനം സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കും. എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് ഉദ്യാനം തുറന്നു നല്‍കുന്നത്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഉദ്യാനത്തിലെ പൂക്കള്‍ വിരിയുമെന്നതിനാലാണിത്.രണ്ട് മാസം പൊതുദര്‍ശനത്തിനായി അനുവദിക്കുന്നതിന് പുറമെ കര്‍ഷകര്‍, ദിവ്യാംഗര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് പൂന്തോട്ടം സന്ദര്‍ശിക്കാന്‍ പ്രത്യേക അവസരം നല്‍കുമെന്നും ഇതിനായി സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും നവീക ഗുപ്ത അറിയിച്ചു.