ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു
ഹൈദരാബാദ് പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു (71 ) അന്തരിച്ചു. വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അണുബാധയുണ്ടായതിനാല്‍ ദിവസങ്ങളായി ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു . അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണ് ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സെരു സത്യം ബാബു ദീക്ഷിതുലു എന്ന ശരത് ബാബു തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയില്‍ പേര് നേടിയിരുന്നു . തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1973ല്‍ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു ഇതുവരെ 220ലധികം ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടുണ്ട് . ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്.