Saturday, April 20, 2024
indiaNews

രാജ്യത്തിന് ഒറ്റ വാക്സിന്‍ വില വേണമെന്ന് സുപ്രീംകോടതി

രാജ്യത്തിന് കോവിഡ് പ്രതിരോധ വാക്സിന് ഒറ്റ വില വേണമെന്ന് സുപ്രിംകോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയ്ക്ക് വാക്സിന്‍ ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയണമെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം മനസിലാക്കണമെന്നും വാക്സിന്‍ നയത്തില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്ത്യയുടെ വാക്സിന്‍ നയം എന്താണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ ദേശീയ ഏജന്‍സി ആയിട്ടാണോ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ വാങ്ങി നല്‍കുകയാണോ ചെയ്യുന്നതെന്നും ചന്ദ്രചൂഡ് ചോദിച്ചു.
സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കാണോ വാങ്ങുന്നതെന്ന് ചോദിച്ച കോടി കേന്ദ്രം ഫെഡറല്‍ തത്വങ്ങള്‍ പ്രകാരമല്ലേ പ്രവര്‍ത്തിക്കേണ്ടതെന്നും ചോദിച്ചു. അങ്ങനെയെങ്കില്‍ കേന്ദ്രം വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും സംസ്ഥാനങ്ങളെ നിരാലംബരാക്കരുതെന്നും നിരീക്ഷിച്ചു. കേന്ദ്രം വാക്സിന്‍ നയവുമായി മുന്നോട്ടു വരണമെന്ന് സുപ്രിംകോടതി പറഞ്ഞു. അതിനിടെ കോവിന്‍ ആപ്പിനെയും കോടതി വിമര്‍ശിച്ചു. കൊവിന്‍ രജിസ്‌ട്രേഷന്‍ ഇപ്പോഴും നിര്‍ബന്ധമല്ലേയെന്ന് സുപ്രിംകോടതി ചോദിച്ചു. ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ ഇല്ലാത്തവര്‍ക്ക് സെന്ററുകളില്‍ പോയി രജിസ്റ്റര്‍ ചെയ്യാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറുപടിയായി അറിയിച്ചു. ഇത് പ്രയോഗികമാണോയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.