Friday, April 19, 2024
indiaNews

30 സ്വര്‍ണാഭരണങ്ങളുമായി ഷിബുവിന്റെ വയറ്റില്‍ നിധി ശേഖരം

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ എക്‌സ്റേ റിപ്പോര്‍ട്ട് കണ്ട ഡോക്ടര്‍മാര്‍ ആദ്യം അമ്പരന്നു. കുടലിനുള്ളില്‍ പാക്കറ്റുകളിലായി 30 സ്വര്‍ണ ആഭരണങ്ങളായിരുന്നു ഡോക്ടര്‍മാരെ ഞെട്ടിച്ചത്. സുള്ള്യയിലെ ആശുപത്രിയില്‍ എത്തിയ തൃശൂര്‍ സ്വദേശി ഷിബുവിന്റെ വയറ്റിലാണ് നിധി ശേഖരം കണ്ടെത്തിയത്.പന്തികേട് തോന്നിയ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും സ്ഥലത്ത് ഹാജരായി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ഞായറാഴ്ച ശസ്ത്രക്രിയ നടത്തി ആഭരണങ്ങള്‍ പുറത്തെടുത്തു. സ്വര്‍ണ മോതിരങ്ങളും കമ്മലുകളും അടക്കം 35 ഗ്രാം സ്വര്‍ണമാണ് ഓപറേഷനില്‍ ലഭിച്ചത്. ആഭരണങ്ങള്‍ മോഷ്ടിച്ചതാണെന്നും പൊലീസില്‍ നിന്ന് മറച്ചുവെക്കാനായി ഐസ്‌ക്രീം ഉപയോഗിച്ച് വിഴുങ്ങിയതാണെന്നും ഷിബു വെളിപ്പെടുത്തി.
പ്രതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ സഹായി തങ്കച്ചനെയും പൊലീസ് പൊക്കി. 15 ദിവസം മുമ്പാണ് ഷിബു സ്വര്‍ണ പാക്കറ്റുകള്‍ വിഴുങ്ങിയത്. പാക്കറ്റുകള്‍ പുറത്തേക്ക് പോകുമ്പോഴെല്ലാം വീണ്ടും വിഴുങ്ങുമായിരുന്നു. മോഷ്ടിച്ചതിന്റെ ഒരു ഭാഗം വയറ്റില്‍ സൂക്ഷിച്ച് സുരക്ഷിതമാക്കുന്നതിനും, പിടിക്കപ്പെട്ടാല്‍ വീണ്ടെടുക്കല്‍ ഒഴിവാക്കുന്നതിനും ഇത് പ്രതിയുടെ സ്ഥിരം തന്ത്രമാണെന്ന് പൊലീസ് വ്യക്തമാക്കി. പിടിക്കപ്പെടുമ്പോള്‍ മോഷ്ടാക്കള്‍ സ്വര്‍ണം വിഴുങ്ങാറുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്നും പൊലീസ് പറഞ്ഞു.