Friday, April 19, 2024
keralaNews

ഹൈക്കോടതി പോപ്പുലര്‍ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുത്തു

കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ലംഘിച്ചതിനാണ് കേസ്.അക്രമവും നാശനഷ്ടങ്ങളും ഉണ്ടാകാതിരിക്കാന്‍ പൊലീസ് നടപടിയെടുക്കണം. 7 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്നുള്ള മുന്‍ ഉത്തരവു പാലിക്കാതെയുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമത്തിനു മുതിരുന്നുണ്ടോ എന്നു പൊലീസ് നിരീക്ഷിക്കുകയും അത്തരം സംഭവങ്ങളുടെയും നാശനഷ്ടങ്ങളുടയും വിവരം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്നു കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ നടക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ്. ഹര്‍ത്താല്‍ കോടതി നിരോധിച്ചതാണ്, എന്നിട്ടും നടത്തിയെന്നും കോടതി അറിയിച്ചു.

കണ്ണൂരില്‍ പാപ്പിനിശ്ശേരി മാങ്കടവ്ചാലില്‍ പൊലീസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ മണ്ണെണ്ണക്കുപ്പിയെറിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ ടയര്‍ കത്തിച്ച് ഗതാഗത തടസമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കണ്ണൂരില്‍ ഓട്ടോറിക്ഷയും കാറും അടക്കമുള്ള വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. ലോറികള്‍ക്കു നേരെയും അക്രമമുണ്ടായി. കോട്ടയത്ത് കുറിച്ചിയില്‍ ഹോട്ടലിന് നേരേ കല്ലേറ്. എംസി റോഡില്‍ പ്രവര്‍ത്തിക്കുന്ന ശരവണ ഹോട്ടലിന് നേരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്.ഹോട്ടലിന്റെ മുന്‍പിലെ ഗ്ലാസുകള്‍ തകര്‍ന്നു.