Tuesday, April 23, 2024
keralaNews

ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ അടിയന്തരമായി നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. സെപ്തംബര്‍ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആര്‍ടിസക്ക് നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ നല്‍കിയത്.

ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജീവനക്കാരുടെ ഹര്‍ജി പരിഗണിക്കവേ, സര്‍ക്കാര്‍ സഹായമില്ലാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചിരുന്നു. സഹായത്തിനായി സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ശമ്പളം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും മാനേജ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പട്ടിണിക്കിടാന്‍ ആകില്ലെന്ന് വ്യക്തമാക്കി 103 കോടി രൂപ സെപ്തംബര്‍ 1ന് മുമ്പ് നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചത്. രണ്ട് മാസത്തെ ശമ്പള വിതരണത്തിനായി 50 കോടി രൂപ വീതവും ഉത്സവ ബത്ത നല്‍കാന്‍ 3 കോടിയും നല്‍കാനായിരുന്നു നിര്‍ദേശം.