Saturday, April 20, 2024
keralaLocal NewsNews

ഹരിതകര്‍മ്മ സേന : പൂഞ്ഞാര്‍ മണ്ഡലത്തെ മാലിന്യവിമുക്തമാക്കും എംഎല്‍എ

എരുമേലി: ഗ്രീന്‍ കേരള – ത്രിതല പഞ്ചായത്ത് – സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ പൂഞ്ഞാര്‍ നിയോജ മണ്ഡലത്തെ മാലിന്യവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പറഞ്ഞു. എരുമേലിയില്‍ ഹരിതകര്‍മ്മ സേനയുടെ പഞ്ചായത്ത് തല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിനുള്ള സര്‍വ്വേയടക്കമുള്ള നടപടികള്‍ പുതിയ ഏജന്‍സിയെ ഏല്പിച്ചു. ശബരി റെയില്‍വെ പാതയുടെ പാതക്കായി എസ്റ്റിമേറ്റ് പുതുക്കാന്‍ നടപടിയായി. എരുമേലിയില്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ദേവസ്വം ബോര്‍ഡുമായി വകുപ്പ് മന്ത്രി ചര്‍ച്ച ചെയ്തു . വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് നടപടികള്‍ സ്വീകരിക്കും. കുടിവെള്ള പദ്ധതിയിലെ പോരായ്മകള്‍ പരിഹരിക്കും. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിക്ക് വികസന പ്ലാന്‍ ഉണ്ടാക്കുമെന്നും എം എല്‍ എ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്ജ്കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജീവ് വി. കെ വിഷയ അവതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് , അംഗങ്ങളായ വി.ഐ അജി, നാസര്‍ പനച്ചി, അസി. സെക്രട്ടറി ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. എരുമേലി ഗ്രാമ പഞ്ചായത്തിലെ പുതിയ പദ്ധതി പ്രകാരം വീടുകളിലും, സ്ഥാപനങ്ങളിലും നേരിട്ടെത്തി പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് കവുങ്ങുംകുഴി പ്ലാന്റില്‍ എത്തിച്ച് ആധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി വിറ്റഴിക്കുന്നതാണ് പദ്ധതി. ഇതിനായി വീടുകളിലും, സ്ഥാപനങ്ങളിലും ബക്കറ്റുകള്‍ സ്ഥാപിക്കും. ഇതോടെപ്പം ഗവര്‍മെന്റ് നിശ്ചയിച്ചിട്ടുള്ള ഫീസായ 50 രൂപാ മുതല്‍ 300 രൂപാ വരെ സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ക്ക് കൈപറ്റാവുന്നതുമാണ്.