Friday, April 26, 2024
keralaNews

സോളര്‍ മാനനഷ്ടക്കേസ് വിധിക്ക് സ്റ്റേ.

തിരുവനന്തപുരം സോളര്‍ പാനല്‍ ഇടപാടില്‍ തനിക്കെതിരെ അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉയര്‍ത്തിയെന്നു കുറ്റപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതിയുടെ ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതി സ്റ്റേ ചെയ്തു.ജനുവരി 22 നാണ് സബ് കോടതി ഉത്തരവിട്ടത്. അന്യായം നല്‍കിയ ദിവസം മുതല്‍ 6% പലിശയും കോടതിച്ചെലവും നല്‍കണമെന്നായിരുന്നു പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ദാനിയേല്‍ വിധിച്ചത്. ഈ ഉത്തരവിലാണ് ഉപാധികളോടെ സ്റ്റേ അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്റേതാണ് ഉത്തരവ്. നഷ്ടപരിഹാരം നല്‍കണമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദന്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ജൂലൈ ആറിനു ചാനല്‍ അഭിമുഖത്തിലാണ് അന്നു പ്രതിപക്ഷനേതാവായിരുന്ന വിഎസ് ആരോപണങ്ങള്‍ ഉന്നയിച്ചത്. സരിതാ നായരുടെ മറവില്‍ ഉമ്മന്‍ ചാണ്ടി സോളര്‍ കമ്പനി രൂപീകരിച്ചെന്നും മൂന്നരക്കോടി ജനങ്ങളെ പറ്റിച്ചെന്നും വിഎസ് ആരോപിച്ചിരുന്നു. ഇതിനെതിരെ ഉമ്മന്‍ ചാണ്ടി അയച്ച വക്കീല്‍ നോട്ടിസിനു വിഎസ് മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് കേസ് നല്‍കിയത്.