Thursday, April 25, 2024
educationindiaNews

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങള്‍ക്ക് മാത്രമായി ചുരുക്കിയേക്കും

 

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പ്രധാന വിഷയങ്ങള്‍ക്ക് മാത്രമായി ചുരുക്കിയേക്കും. ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇതിന് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ആകെ 174 വിഷയങ്ങളാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനുള്ളത്. ഇതില്‍ 20 വിഷയങ്ങളെയാണ് പ്രധാന വിഷയങ്ങളായി കണക്കാക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ജോഗ്രഫി, എക്കണോമിക്‌സ്, ഇംഗ്ലീഷ് മുതലായവ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. പരമാവധി ആറ് വിഷയമാണ് ഒരു വിദ്യാര്‍ത്ഥിയ്ക്ക് പഠിക്കാന്‍ ഉണ്ടാവുക. സാധാരണ ഗതിയില്‍ ഇതില്‍ നാലെണ്ണവും പ്രധാന വിഷയമായിരിക്കും.                                                                     രാജ്യത്തെ ഗുരുതരമായ കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ രണ്ട് ഓപ്ഷനുകളാണ് സി.ബി.എസ്.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുമ്ബില്‍ വച്ചതെന്ന് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രധാന വിഷയങ്ങള്‍ക്ക് മാത്രമായി സാധാരണഗതിയില്‍ നടത്തുന്ന രീതിയില്‍ പരീക്ഷാകേന്ദ്രങ്ങളില്‍ പരീക്ഷ നടത്തുക എന്നതാണ് ആദ്യത്തെ ഓപ്ഷന്‍. മറ്റ് വിഷയങ്ങള്‍ക്ക് ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കാം. പരീക്ഷാ നടത്തിപ്പിനും മൂല്യനിര്‍ണ്ണയത്തിനും എല്ലാംകൂടി മൂന്നുമാസത്തെ സമയം ഇതിനു വേണ്ടി വരും.                 പ്രധാന വിഷയങ്ങള്‍ക്കുള്ള പരീക്ഷ വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ സ്‌കൂളുകളില്‍ തന്നെ നടത്തുക എന്നതാണ് രണ്ടാമത്തെ ഓപ്ഷന്‍. നിലവിലെ മൂന്നുമണിക്കൂര്‍ പരീക്ഷയ്ക്ക് പകരം ഒന്നര മണിക്കൂര്‍ വീതമുള്ള പരീക്ഷയാണ് നടത്തുക. ഒബ്ജക്റ്റീവ് ടൈപ്പ്, ചെറുകുറിപ്പുകള്‍ എഴുതാനുള്ള ചോദ്യങ്ങള്‍ എന്നിവയായിരിക്കും ചോദിക്കുക. മൂന്ന് പ്രധാന വിഷയത്തിനും ഒരു ഭാഷ വിഷയത്തിലും ആയിരിക്കും പരീക്ഷ നടത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റുവിഷയങ്ങളുടെ മാര്‍ക്ക് തീരുമാനിക്കും. 45 ദിവസത്തിനുള്ളില്‍ ഈ രീതിയില്‍ പരീക്ഷ പൂര്‍ത്തിയാക്കാം എന്നാണ് കണക്കുകൂട്ടല്‍.രണ്ടു നിര്‍ദ്ദേശങ്ങളും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.                                                                                                      വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍, മന്ത്രി സ്മൃതി ഇറാനി, സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കോവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയതായും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതായും കഴിഞ്ഞ ഏപ്രില്‍ 14നാണ് പ്രഖ്യാപനമുണ്ടായത്.