Saturday, April 20, 2024
keralaNews

സത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ് പങ്കെടുക്കില്ല.

സത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കണ്‍വീനര്‍ എം.എം ഹസന്‍. കോവിഡിന്റെ തീവ്ര സാഹചര്യത്തില്‍ സത്യപ്രതിജ്ഞ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് തീരുമാനം.ലളിതമായാണ് ചടങ്ങ് നടത്തേണ്ടതെന്നും ഗുരുതര സാഹചര്യത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് തെറ്റാണെന്നും ഹസന്‍ പറഞ്ഞു. യു.ഡി.എഫ് എം.പിമാരും എം.എല്‍.എമാരും ചടങ്ങ് ബഹിഷ്‌കരിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞപോലെ വീട്ടിലിരുന്ന് കാണുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ബഹിഷ്‌കരണം എന്ന വാക്കുപയോഗിക്കാതെ മുഖ്യമന്ത്രിയുടെ വീട്ടിലിരുന്ന് കാണണം എന്ന പ്രയോഗം ഉപയോഗിച്ച് തന്ത്രപരമായ പ്രസ്താവനയാണ് ഹസന്‍ പുറത്തിറക്കിയത്. സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം.എസ്.എഫ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ചടങ്ങുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.50000ത്തിലേറെ പേര്‍ക്ക് ഇരിപ്പിടമുള്ള സ്‌റ്റേഡിയത്തില്‍ പരമാവധി 500ഓളം പേര്‍ പങ്കെടുക്കുമെന്നും കഴിഞ്ഞ സര്‍ക്കാര്‍ 40000ത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യത്തില്‍ ചുരുക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.