Thursday, April 25, 2024
keralaNews

സംസ്ഥാന മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം അഞ്ചു കോടി രൂപ കോടനാട് സ്വദേശിയ്ക്ക് 

സംസ്ഥാന മണ്‍സൂണ്‍ ബമ്പറിന്റെ അവകാശിയെ ഒടുവില്‍ കണ്ടെത്തി. അഞ്ചു കോടി രൂപയുടെ ലോട്ടറി അടിച്ച ആ ഭാഗ്യവാന്‍ എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിന്‍ കെ രവിയാണ്. നറുക്കെടുപ്പ് ചൊവ്വാഴ്ച കഴിഞ്ഞെങ്കിലും ആര്‍ക്കാണ് ഭാഗ്യം എന്നത് ആദ്യ ദിവസങ്ങളില്‍ അറിഞ്ഞിരുന്നില്ല.
ഭാഗ്യവാനെ തേടിയുള്ള അന്വേഷണം നീണ്ടു. നറുക്കെടുപ്പ് കഴിഞ്ഞു ഒരു ദിവസം കൂടി കഴിഞ്ഞാണ് താനെടുത്ത ലോട്ടറി റെജിന്‍ നോക്കിയത്. തന്റെ ടിക്കറ്റിനാണ് മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യമായി പെയ്തിറങ്ങിയത് എന്ന സത്യം അറിയുന്നത് അപ്പോഴാണ്. ബമ്പര്‍ സമ്മാനമുള്ള ടിക്കറ്റ് മാത്രം എടുക്കാനുള്ള റെജിന്റെ പരീക്ഷണം മെഗാ ബംമ്പര്‍ ആയാണ് വിജയം കണ്ടത്. കോടനാട് കുറിച്ചിലക്കോട് കിഴക്ക്പുറത്തുകുടി സ്വദേശിയായ റെജിന്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനാണ്.
ഭാര്യ സിബി മറ്റൊരു ഓഫീസിലും ജോലി നോക്കുന്നു. ഒരു മകളാണ് ഇവര്‍ക്ക് ഉള്ളത്. ആദ്യം കുറേ കാലം നാട്ടില്‍ മീന്‍ കച്ചവടം നടത്തിയിരുന്നു റെജിന്‍ കഴിഞ്ഞിരുന്നത്. സാമ്പത്തികമായി ഏറെ പരാധീനതകള്‍ വന്നതോടെ അത് ഉപേക്ഷിച്ച് ജോലി നോക്കി.
‘ചെറിയ ഓടിട്ട വീട് പുതുതാക്കണം. ബാധ്യതകള്‍ തീര്‍ക്കണം. കുറച്ചു പേര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നൊരു സ്ഥാപനം തുടങ്ങണം..’ അഞ്ചു കോടിയുടെ അവകാശിയുടെ ആഗ്രഹങ്ങള്‍ ഇത്രയുമാണ്. സമ്മാനര്‍ഹമായ ടിക്കറ്റ് ങഉ 240331 ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുമ്പാവൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചു.ഓണം ബമ്പറിന് ഒരിക്കല്‍ 5000 രൂപ അടിച്ചതാണ് റെജിന്റെ മുന്‍കാല ഭാഗ്യം. ഇക്കുറി അതിനൊപ്പം കുറച്ചു പൂജ്യങ്ങളും കൂടി.

Leave a Reply