Friday, March 29, 2024
educationkeralaNews

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം.രണ്ടാം ഘട്ട അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്. എസ്എസ്എല്‍സിക്ക് എല്ലാറ്റിനും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും വന്‍തുക കൊടുത്ത് മാനേജ്‌മെന്റ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ നിലവിലുള്ളത്.അലോട്ട്‌മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ അവകാശ വാദം. നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും അദ്ദേഹം ഇതേ കാര്യമാണ്. എന്നാല്‍ രണ്ടാം ഘട്ട അലോട്ടമെന്റ് തീര്‍ന്നപ്പോള്‍ മിടുക്കരായവര്‍ ഇപ്പോഴും പുറത്താണ്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4,65,219 പേരാണ്. രണ്ട് അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ പ്രവേശനം കിട്ടിയത് 2,70188 പേര്‍ക്ക്. മെറിറ്റ് സീറ്റില്‍ ഇനി ബാക്കിയുള്ളത് 655 സീറ്റ് മാത്രം. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 26,000 സീറ്റ് ഇനിയുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ഉള്ളത് 45000 സീറ്റ്. മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് പക്ഷെ വന്‍തുക ഫീസ് നല്‍കേണ്ടി വരും. അല്ലെങ്കില്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് കുട്ടികള്‍ക്ക് മാറേണ്ടിവരും. മാനേജ്‌മെന്റ് ക്വാട്ടയും അണ്‍ എയ്ഡഡും ചേര്‍ത്താല്‍പ്പോലും അപേക്ഷിച്ചവര്‍ക്ക് മുഴുവന്‍ സീറ്റ് കിട്ടാത്ത അവസ്ഥയാണ്. അണ്‍ എയ്ഡഡില്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വലിയ താല്പര്യം കാട്ടാറില്ല. കഴിഞ്ഞവര്‍ഷം തന്നെ ഈ മേഖലയില്‍ 20,000 ത്തോളം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പറഞ്ഞ് പുതിയ ബാച്ചില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. പുതിയ സാഹചര്യത്തില്‍ ഇനിയും സീറ്റ് കൂട്ടുമോ എന്ന് വ്യക്തമല്ല.