Wednesday, April 24, 2024
keralaNews

സംസ്ഥാനത്ത്   അടുത്ത മൂന്ന് ദിവസം  മദ്യവില്‍പ്പന ഉണ്ടാകില്ല…

തിരുവോണ ദിവസം അടക്കം അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യവില്‍പ്പന ഉണ്ടാകില്ല. തിരുവോണദിവസം ബാറുകളിലൂടെയും മദ്യവില്‍പ്പന ഉണ്ടാകില്ല. ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും. സാധാരണ ആഘോഷനാളുകളില്‍ മദ്യവില്‍പ്പന ശാലകള്‍ക്ക് നല്‍കാറുള്ള ഇളവാണ് ഇക്കുറി പിന്‍വലിച്ചിരിക്കുന്നത്.

ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് 31ന് നേരത്തെ തന്നെ അവധി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയാല്‍, വലിയ തിരക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പരമാവധി തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗയായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.അതേസമയം, മദ്യം വാങ്ങാന്‍ ഉപഭോക്താവിന് ഇനി ബെവ് ക്യു ആപ്പ് വഴി ഔട്ട്ലെറ്റുകള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവില്‍ വന്നു. പിന്‍ കോഡ് മാറ്റുന്നതിനും സാധിക്കും.

ഓണം കണക്കിലെടുത്ത് എക്‌സൈസ് വകുപ്പ് സംസ്ഥാനത്തെ മദ്യവില്‍പനയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വര്‍ധിപ്പിച്ചു. ഒരു ദിവസം 400 ടോക്കണുകള്‍ വിതരണം ചെയ്തിടത്ത് ഇപ്പോള്‍ 600 ടോക്കണ്‍ വരെ അനുവദിക്കും. മദ്യവില്‍പന രാവിലെ ഒമ്ബത് മുതല്‍ രാത്രി ഏഴ് വരെ വരെയായിരിക്കും. തിരക്ക് നിയന്ത്രിക്കാനാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഒരു തവണ ടോക്കണ്‍ എടുത്തു മദ്യം വാങ്ങിയവര്‍ക്ക് വീണ്ടും മദ്യം വാങ്ങാന്‍ മൂന്ന് ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കിയതും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്.