Friday, April 19, 2024
keralaNews

സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവില്‍പനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ വീണ്ടും തുറക്കുന്നത്.തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാന്‍ ബെവ്‌കോ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട് ലെറ്റുകള്‍ തുറക്കുന്നത്. പൂട്ടിയ ഔട്ട് ലൈറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ള താലൂക്കുകളില്‍ വീണ്ടും കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു താലൂക്കില്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവില്‍ വന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സൈനിക- അര്‍ദ്ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. മിലിട്ടറി ക്യാന്റീന്‍ വഴിയുള്ള മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതിനാലാണ് മദ്യവില കൂടുന്നത്.ബാറുകളുടെ വിവിധ ഫീസുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സര്‍വ്വീസ് ഡെസ്‌ക്ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഐടി പാര്‍ക്കുകളിലും ബിയര്‍-വൈന്‍ പാലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. ബ്രുവറി ലൈസന്‍സും അനുവദിക്കും. പഴവര്‍ഗങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനും പുതിയ മദ്യനയത്തില്‍ തീരുമാനിച്ചിട്ടുണ്ട്.