Friday, April 19, 2024
indiakeralaNews

സംസ്ഥാനങ്ങള്‍ക്ക് 40000 കോടി വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍.

രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് 40000 കോടി വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി വരുമാനം ഇടിഞ്ഞത് നികത്താനാണ് വായ്പ അനുവദിച്ചത്. ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമെയാണ് തുക. വരുമാന നഷ്ടം പഠിച്ച് നിരക്ക് മാറ്റം ശുപാര്‍ശ ചെയ്യാന്‍ മന്ത്രിതല സമിതി നേരത്തെ രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വായ്പ അനുവദിച്ചിരിക്കുന്നത്.ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രം 1.59 ലക്ഷം കോടി രൂപ കടം വാങ്ങും. ഇത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഘട്ടംഘട്ടമായി നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിലൂടെ ജിഎസ്ടി കുറവ് കൊണ്ട് സംസ്ഥാനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും താത്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച തുക 115000 കോടി രൂപയായി. 75000 കോടി രൂപ ജൂലൈ 15 ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുവദിച്ചിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലും ഇത്തരത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സാമ്പത്തിക സഹായം നല്‍കിയിരുന്നു. അന്ന് 1.10 ലക്ഷം കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. ജിഎസ്ടി നഷ്ടപരിഹാര തുകയ്ക്ക് പുറമെയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.