Thursday, April 25, 2024
keralaNews

സംസ്ഥാനം പ്രളയ ഭീതിയില്‍ .കനത്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.

 

അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥ നീരീക്ഷണ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. മാറി താമസിക്കാന്‍ അധികൃതരുടെ നിര്‍ദ്ദേശം വന്നാല്‍ ഉടന്‍ അവിടെ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇടുക്കി ഡാമിലെ ജലനിരപ്പ് മൂന്ന് അടി കൂടി വര്‍ധിച്ച് 2347 അടി ആയി. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഉണ്ടായതിനെക്കാള്‍ 31 അടി കൂടുതലാണ്. സംഭരണ ശേഷിയുടെ 58 ശതമാനം ജലമാണ് അണക്കെട്ടില്‍ ഇപ്പോഴുള്ളത്.
വയനാട്ടില്‍ കനത്ത മഴ തുടരുന്നു.കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമലക്ക് സമീപമുള്ള ചൂരല്‍മല,മുണ്ടക്കൈ മേഖലകളില്‍ അതിതീവ്ര മഴ തുടരുകയാണ്. പേര്യയില്‍ ശക്തമായ കാറ്റില്‍ ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും റോഡിലേക്ക് പതിച്ചു. മേപ്പാടിയില്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ശക്തമായ കാറ്റില്‍ ജില്ലയില്‍ വ്യാപകമായി വൈദ്യുതി നിലച്ചു.

കോഴിക്കോട് ജില്ലയുടെ മലയോരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. താമരശ്ശേരിയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. കോടഞ്ചേരി ചെമ്പുകടവ് പാലം വെള്ളത്തില്‍ മുങ്ങി. ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്.

മലപ്പുറത്ത് കനത്ത മഴ തുടരുകയാണ്. നിലമ്പൂരില്‍ ആശങ്ക തുടരുകയാണ്. ചാലിയാരില്‍ ജലനിരപ്പ് ഉയര്‍ന്നു. കരിമ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കരുളായി നെടുങ്കയം കോളനി നിവാസികളെ പുള്ളിയില്‍ സ്‌കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. നിലമ്പൂരില്‍ മാത്രം മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുണ്ട്. മുപ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

Leave a Reply