Friday, March 29, 2024
indiaNews

ശശികലയുടെ സ്വീകരണറാലിക്ക് എത്തിയ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു.

നിയമസഭാതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തമിഴ്‌നാട്ടിലേക്ക് നാടകീയമായ രംഗപ്രവേശം നടത്തി ജയലളിതയുടെ തോഴി ശശികല. തീര്‍ത്തും നാടകീയമായ രംഗങ്ങളാണ് ശശികലയുടെ മടങ്ങിവരവിലെമ്പാടും കണ്ടത്. അണ്ണാഡിഎംകെയുടെ കൊടി ഉപയോഗിച്ച് യാത്ര തുടങ്ങിയ ശശികലയുടെ കാര്‍ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആദ്യം തടഞ്ഞു. പാര്‍ട്ടി കൊടി ഉപയോഗിക്കാനാവില്ലെന്ന് പറഞ്ഞത് ശശികല അവഗണിച്ചു. കൊടി പൊലീസ് അഴിച്ചുമാറ്റിയതോടെ മറ്റൊരു വാഹനത്തില്‍ ശശികല യാത്ര തുടര്‍ന്നു. ഇതിനിടെയാണ് കൃഷ്ണഗിരി ടോള്‍ഗേറ്റിന് സമീപത്ത് വച്ച് ശശികലയുടെ സ്വീകരണറാലിക്ക് എത്തിയ രണ്ട് കാറുകള്‍ക്ക് തീപിടിച്ചത്.

റാലിക്കിടെ പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. ആര്‍ക്കും പരിക്കില്ല. കനത്ത സുരക്ഷാവലയത്തിലാണ് കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങള്‍. 30 കാറുകളാണ് ശശികലയുടെ വാഹനത്തെ പിന്തുടരുന്നത്. നൂറുകണക്കിന് പൊലീസുകാരെയാണ് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. അണ്ണാഡിഎംകെ ആസ്ഥാനത്തിന് ചുറ്റും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലും കനത്ത സുരക്ഷാവലയം പൊലീസ് തീര്‍ത്തിട്ടുണ്ട്.