Friday, April 19, 2024
indiaNewspolitics

ശശികലയുടെ ആവശ്യം ജയില്‍ അധികൃതര്‍ തള്ളി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയലളിതയുടെ തോഴിയും എഐഎഡിഎംകെ നേതാവുമായ വി കെ ശശികലയ്ക്ക് ഉടന്‍ ജയില്‍ മോചനമില്ല. ശിക്ഷയില്‍ ഇളവ് അനുവദിച്ച് നേരത്തെ മോചിപ്പിക്കണമെന്ന ശശികലയുടെ ആവശ്യം ജയില്‍ അധികൃതര്‍ തള്ളി. ശിക്ഷാ കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇനി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ശശികലയ്ക്ക് പുറത്തിറങ്ങാന്‍ കഴിയൂ.

അഴിമതി കേസില്‍ അറസ്റ്റിലായവര്‍ക്ക് ശിക്ഷയിളവ് നല്‍കേണ്ടതില്ലെന്ന നിയമോപദേശം നേരത്തെ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. നാലുമാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷ നല്‍കിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാവുമെന്നുമാണ് ശശികലയുടെ അഭിഭാഷകര്‍ അറിയിച്ചിരുന്നത്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ നാലുവര്‍ഷം തടവും പത്തുകോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് സുപ്രിംകോടതി ശിക്ഷ വിധിച്ചത്.

നാലുവര്‍ഷം തടവ് ജനുവരി 27ന് പൂര്‍ത്തിയാവും. സുപ്രിംകോടതി വിധിച്ച പത്തുകോടി രൂപയുടെ പിഴ ബംഗളൂരു പ്രത്യേക കോടതിയില്‍ ശശികല അടയ്ക്കുകയും ചെയ്തിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികം ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരുമായിരുന്നു. പോയസ് ഗാര്‍ഡനിലെ ഉള്‍പ്പടെ ശശികലയുടെ 2,000 കോടി രൂപയുടെ സ്വത്തുക്കള്‍ മാസങ്ങള്‍ക്ക് മുമ്ബാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.