Thursday, April 25, 2024
keralaNews

ശബരിമലയില്‍ മണ്ഡലകാലത്ത് നിയന്ത്രണങ്ങള്‍ നീക്കും.

കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങള്‍ മണ്ഡലകാലത്ത് ശബരിമലയില്‍ പൂര്‍ണമായി നീക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു. സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പടെ പിന്‍വലിക്കുമെന്ന് എന്‍. വാസു പറഞ്ഞു. നിലയ്ക്കലിലടക്കം സ്‌പോട്ട് വെര്‍ച്വല്‍ ക്യൂ റജിസ്‌ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവില്‍ ശബരിമലയില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. 25,000 പേരെ മാത്രമാണ് ദര്‍ശനത്തിനായി പ്രതിദിനം അനുവദിക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവരെയാകും മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിപ്പിക്കുക. പമ്പയില്‍ സ്‌നാനത്തിനും വിലക്കുണ്ടാകില്ലെന്ന് ദേവസ്വം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.അതേസമയം 60 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവര്‍ക്കും ദര്‍ശനാനുമതി നല്‍കും. ഉച്ചക്ക് ശേഷം സന്നിധാനത്ത് എത്തുന്നവര്‍ക്ക് നെയ് തേങ്ങകള്‍ക്ക് നല്‍കി പകരം അഭിഷേകം ചെയ്ത നെയ് വാങ്ങാവുന്നതാണ്. കനത്ത മഴയെ തുടര്‍ന്നും ശബരിമലയില്‍ നിയന്ത്രണങ്ങളുണ്ട്. ഭക്തരോട് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.