Tuesday, April 23, 2024
keralaLocal NewsNews

വന്യജീവി  ആക്രമണം; മൂക്കൻപ്പെട്ടിയിൽ  ക്യാമറ സ്ഥാപിച്ചു 

എരുമേലി: ശബരിമല വനാതിർത്തി മേഖലയായ എരുമേലി മൂക്കൻപ്പെട്ടി അരുവിക്കൽ മേഖലയിൽ ആടിനെ വന്യ ജീവി  ആക്രമിച്ചു കൊന്ന സംഭവത്തിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു.  മൂക്കൻപ്പെട്ടി കീരിത്തോട് ഭാഗത്ത്   ഈറക്കൽ ജ്ഞാനകുമാറിന്റെ  വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിയെ  വന്യജീവി  ആക്രമിച്ചു കൊന്നതിനെ തുടർന്നാണ് വീടിന് സമീപം ക്യാമറ സ്ഥാപിച്ചത്. ആടിനെ ആക്രമിച്ചത് പുലിയാണെന്ന് നാട്ടുകാരും –  ജനപ്രതിനിധികളും പറയുകയും –  അതിനുശേഷവും  പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്.  എരുമേലി റേഞ്ചിലെ  റേഞ്ച് ഫോറസ്റ്റർ ട്രെയിനിയായ ഷിജു, പ്ലാച്ചേരി റേഞ്ച്  ഓഫീസർ എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ക്യാമറ സ്ഥാപിച്ചത് . കഴിഞ്ഞ ദിവസമാണ്  കൂടിനുള്ളിൽ നിന്ന് ആടിനെ വന്യ ജീവി  ആക്രമിച്ചത്.  ആടിന്റെ കഴുത്തിൽ കയറുള്ളതിനാൽ ആടിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല. എട്ടോളം ആടുകളെയാണ് ജ്ഞാനകുമാർ വളർത്തുന്നത്. ഇതിൽ  ഒരെണ്ണത്തിനെയാണ് വന്യ ജീവി  ആക്രമിച്ചു കൊന്നത്. വളർത്ത്  മൃഗങ്ങളെ സംരക്ഷിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്  എരുമേലി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി പറഞ്ഞു .