Tuesday, April 23, 2024
keralaLocal NewsNews

ലൈഫ് മിഷൻ പദ്ധതി ; ഭൂരഹിതർക്ക് മിച്ച ഭൂമി വിതരണം ചെയ്യണം  

എരുമേലി: എരുമേലി പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ സർക്കാർ വക മിച്ച ഭൂമി ലഭ്യമായിട്ടും ലൈഫ് മിഷൻ പദ്ധതിക്ക്  ഭൂമി നൽകുന്നില്ലെന്നും ഭൂമി നൽകുന്നത് സംബന്ധിച്ച് ലോകായത്ത് നൽകിയ നിർദ്ദേശങ്ങൾ വിവിധ വകുപ്പുകൾ അട്ടിമറിക്കുകയാണെന്നും പൊതുപ്രവർത്തകനായ ലൂയിസ് ഡേവിഡ്  എരുമേലി മീഡിയ സെൻററിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ചതാണ്  ലൈഫ് മിഷൻ പദ്ധതി.മിച്ചഭൂമികൾ ലൈഫ് മിഷൻ പദ്ധതികൾക്കായി ഉപയോഗിക്കണമെന്ന  സർക്കാർ ഉത്തരവ് നൽകിയിട്ടും നാളിതുവരെ അധികൃതർ നടപ്പാക്കിയിട്ടില്ലെന്നും ലൂയിസ് പറഞ്ഞു. ലോകായുക്ത , ഉപ. ലോകായുക്ത 138 2015, 25/06/2022 ഉത്തരവു പ്രകാരം പഞ്ചായത്ത് ടൗൺ വാർഡിലുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർ,  കാഞ്ഞിരപ്പള്ളി തഹസിൽദാർ, എരുമേലി ഗ്രാമപഞ്ചായത്ത്  സെക്രട്ടറി  എന്നിവർക്ക്  ഉത്തരവ് നല്കിയിട്ടുള്ളതുമാണ്. എന്നാൽ പഞ്ചായത്ത് അടക്കം വരുന്ന വകുപ്പുകൾ ഇക്കാര്യത്തിൽ ഗുരുതരമായ അനാസ്ഥയാണ് കാട്ടിയതെന്നും ലൂയിസ് പറഞ്ഞു.
പഞ്ചായത്തിൽ 1500 ൽ അധികം കുടുംബങ്ങളാണ്  ഭൂരഹിതരായിട്ടുള്ളത് .
മിച്ച ഭൂമി വിതരണം ചെയ്യാത്ത എരുമേലി ഗ്രാമപഞ്ചായത്ത് ഭരണസമിതി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തുന്നതെന്നും  ജനങ്ങൾക്ക് നല്കിയ ഉറപ്പ് ലംഘിച്ച  ഗ്രാമപഞ്ചായത്ത് ഭരണ സമിതി രാജിവച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ലൂയിസ്  ആവശ്യപ്പെട്ടു. ഭൂരഹിതരായ അപേക്ഷകർ സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന ലൂയിസ് മുന്നറിയിപ്പു നല്കി.
1998-1999 ൽ ജനകീയാസൂത്രണ പദ്ധതിപ്രകാരം ഒന്നര ഏക്കർ സ്ഥലം എരുമേലി പഞ്ചായത്ത് ഒഴക്കനാട് വാർഡിൽ 32 പേർക്ക് കുടുംബങ്ങൾക്ക്  നൽകിയെങ്കിലും
ഭൂമിക്ക്  പഞ്ചായത്ത്  പട്ടയം നല്കിയിട്ടില്ലെന്നും ലൂയിസ് പറഞ്ഞു