Thursday, March 28, 2024
indiaNewspolitics

രാഹുല്‍ ഗാന്ധി വൈസ് പ്രസിഡന്റായി ചുമതലയേറ്റതുമുതല്‍ പാര്‍ട്ടിയുടെ കൂട്ടായ പ്രവര്‍ത്തനം തകര്‍ന്നു :ഗുലാം നബി ആസാദ്

രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധിയുടെ അപക്വതയാണ് പാര്‍ട്ടിയുടെ കൂടിയാലോചനാപരമായ പ്രവര്‍ത്തികള്‍ നശിപ്പിച്ചതെന്നു ഗുലാം നബി ആരോപിച്ചു.2013ല്‍ രാഹുല്‍ ഗാന്ധി വൈസ് പ്രസിഡന്റായി ചുമതലയേറ്റതുമുതലാണു പാര്‍ട്ടിയുടെ കൂട്ടായ പ്രവര്‍ത്തനം തകര്‍ന്നത്. ഇതോടെ മുതിര്‍ന്ന നേതാക്കളെ മാറ്റി നിര്‍ത്തി പ്രവര്‍ത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാര്‍ പാര്‍ട്ടിയെ നയിക്കാന്‍ തുടങ്ങി. സോണിയ ഗാന്ധിക്കു പോലും വലിയ റോളില്ലാതെയായി. രാഹുല്‍ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.2014 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോല്‍ക്കാന്‍ കാരണം രാഹുലിന്റെ കുട്ടികളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെഴുതിയ വിശദമായ കുറിപ്പിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ അക്കമിട്ട് ഗുലാം നബി ആസാദ് കുറ്റാരോപണങ്ങള്‍ നടത്തിയിരിക്കുന്നത്.