Saturday, April 20, 2024
indiaNews

രാഷ്ട്രീയത്തിലേക്ക് തിരികെ വരുമെന്ന് സൂചന നല്‍കി വി.കെ ശശികല.

രാഷ്ട്രീയത്തിലേക്ക് തിരികെ വരുമെന്ന് സൂചന നല്‍കി വി.കെ ശശികല. എഐഡിഎംകെ പാര്‍ട്ടി പ്രവര്‍ത്തകന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ പ്രതിസന്ധി തീര്‍ന്ന് കഴിഞ്ഞാല്‍ താന്‍ പാര്‍ട്ടിയെ നേരെയാക്കുമെന്ന് ശബ്ദ സന്ദേശത്തില്‍ ശശികല പറയുന്നു. ശശികലയുടെ ഈ ശബ്ദ സന്ദേശമാണ് ഇപ്പോള്‍ തമിഴകത്ത് പ്രധാന ചര്‍ച്ചാ വിഷയം.ശശികലയും ഒരു പാര്‍ട്ടി പ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് ചെയ്ത വോയിസ് ക്ലിപ്പാണ് പ്രചരിക്കുന്നത്. ‘ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും, വിഷമിക്കേണ്ട, നമ്മള്‍ തീര്‍ച്ചയായും പാര്‍ട്ടിയെ നേരെയാക്കും. ധൈര്യമായി ഇരിക്കുക. കൊറോണ പ്രതിസന്ധി കഴിഞ്ഞാല്‍ ഞാന്‍ എത്തും’ എന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ഫെബ്രുവരി എട്ടിനാണ് ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുമെന്ന് മാര്‍ച്ച് 3 ന് ശശികല പ്രഖ്യാപിച്ചിരുന്നു. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുന്‍പാണ് ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന നല്‍കിയിരിക്കുന്നത്.