Saturday, April 20, 2024
indiaNewspolitics

രാജ്യം പ്രണബ് മുഖര്‍ജിക്ക് വിട നല്‍കി.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ രാജ്യ തലസ്ഥാനത്ത് സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പ്രണബ് മുഖര്‍ജി മരണത്തിന് കീഴടങ്ങിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒന്നര വരെ രാജാജി മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ രാജാജി മാര്‍ഗിലെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ ക്യാരിയേജ് സംവിധാനത്തിന് പകരം വാനിലാണ് അദ്ദേഹത്തിന്റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത്. പ്രണബിന്റെ വിയോഗത്തിന് പിന്നാലെ ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ ആറ് വരെ രാജ്യത്ത് ഔദ്യോഗിക ദു:ഖാചാരണം പ്രഖ്യാപിച്ചിരിക്കുകയാണ്.